Connect with us

National

മൺസൂണിലും വിയർത്ത് ഉത്തരേന്ത്യ

Published

|

Last Updated

ന്യൂഡൽഹി | രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ഉത്തരേന്ത്യയിൽ താപനില വീണ്ടും ക്രമാതീതമായി ഉയരുന്നു. മൺസൂൺ ആരംഭിച്ചിട്ടും ഉത്തരേന്ത്യ വിയർക്കുകയാണ്. ഇതിനെ തുടർന്ന് രാജസ്ഥാനിലെ ചില സ്ഥലങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടു.

ബിക്കാനെറിൽ ഇന്നലെ 46.2 ഡിഗ്രി സെൽഷ്യസായാണ് താപനില ഉയർന്നത്. ബാർമർ, ഗംഗാനഗർ, ജയ്സാൽമീർ എന്നിവിടങ്ങളിൽ ഇത് യഥാക്രമം 45.3, 45.0, 46.2 ഡിഗ്രിയിലെത്തി. മൺസൂണിന്റെ വേഗത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അനുമാനം. ചില സ്ഥലങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത 24 മണിക്കൂറെങ്കിലും നിലവിലെ ചൂട് തുടരാനാണ് സാധ്യതയെന്നും അവർ പറഞ്ഞു.

ഡൽഹിയിലെ ഇന്നലത്തെ ഉയർന്ന താപനില 41.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇവിടെയും നേരിയ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വരുന്ന മൂന്ന് ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തന്നെ തുടരാനാണ് സാധ്യത.

പഞ്ചാബിലും ഹരിയാനയിലും പകൽ താപനില സാധാരണ നിലയിലായിരുന്നു. ഈ സംസ്ഥാനങ്ങളിലെ ഏറ്റവും ചൂടേറിയ സ്ഥലമായ ഹരിയാനയിലെ ഹിസാറിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി വർധിച്ച് 42.9 ഡിഗ്രി സെൽഷ്യസ് ആയി.

ജൂൺ ഒന്നിന് പതിവ് പോലെ കേരളത്തിലെത്തിയ തെക്കുപടിഞ്ഞാറൻ മൺസൂൺ അറബിക്കടലിലുണ്ടായ ന്യൂനമർദത്തെ തുടർന്ന് മുന്നോട്ട് നീങ്ങി, നിസർഗ ചുഴലിക്കാറ്റായി ഈ മാസം മൂന്നിന് മഹാരാഷ്ട്രാ തീരത്ത് എത്തി. ഇത് നിലവിൽ മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിന്റെയും ഗുജറാത്തിന്റെയും ചില ഭാഗങ്ങളിലുമാണുള്ളത്.

മുംബൈയുടെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നലെയുണ്ടായ കനത്ത മഴയോടെ ഈ മാസത്തെ ശരാശരി മഴയുടെ 50 ശതമാനം ഇവിടെ ലഭിച്ചു കഴിഞ്ഞു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നഗരത്തിൽ ഇന്നലെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് യെല്ലോ അലേർട്ടാക്കി മാറ്റുകയായിരുന്നു. ഇവിടെ ഇന്നും നാളെയും കൂടി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ഇന്നത്തെ അറിയിപ്പ് പ്രകാരം കാണ്ട്‌ല, അഹമ്മദാബാദ്, ഇൻഡോർ, നർസിംഗ്പൂർ, ഉമരിയ, ബാലിയ എന്നിവിടങ്ങളിലേക്ക് മൺസൂൺ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, രാജ്യത്തെ കിഴക്ക്- പടിഞ്ഞാറൻ മേഖലകളിലെ ഗുജറാത്ത്, ദിയു, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബീഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്ർ പറഞ്ഞു.

Latest