Connect with us

International

വംശീയത, പോലീസ് ക്രൂരത: യു എന്‍ മനുഷ്യാവകാശ സമിതിയുടെ അടിയന്തര ചര്‍ച്ച ബുധനാഴ്ച

Published

|

Last Updated

ജനീവ | അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ക്രൂര കൊലപാതകത്തെ തുടര്‍ന്ന് ലോകമെമ്പാടും പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തില്‍ വംശീയതയെയും പോലീസ് ക്രൂരതയെയും സംബന്ധിച്ച് യു എന്‍ മനുഷ്യാവകാശ സമിതി അടിയന്തര ചര്‍ച്ച നടത്തും. ആഫ്രിക്കന്‍ രാജ്യങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യു എന്‍ മനുഷ്യാവകാശ സമിതി ബുധനാഴ്ച അടിയന്തര ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

മനുഷ്യാവകാശ സമിതിയുടെ 43ാം സെഷന്‍ പുനരാരംഭിച്ചതോടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ അഭ്യര്‍ഥന അംഗീകരിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് സെഷന്‍ നിര്‍ത്തിവെച്ചത്. ബുധനാഴ്ച ഉച്ചക്ക് ശേഷം വംശീയതയെ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കൗണ്‍സില്‍ പ്രസിഡന്റ് എലിസബത്ത് ടിച്ചി ഫിസ്ല്‌ബെര്‍ജര്‍ ആണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. കൗണ്‍സിലിലെ 47 അംഗങ്ങളില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് നിര്‍ദേശം സമവായത്തോടെ പാസ്സാക്കുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പാണ് ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വംശജനെ വെളുത്ത വംശജനായ പോലീസുകാരന്‍ ക്രൂരമായി കൊന്നത്. ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ പോലീസുകാരന്‍ തന്റെ കാല്‍മുട്ട് മിനുട്ടുകളോളം അമര്‍ത്തി വെക്കുകയും ഫ്‌ളോയ്ഡ് ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കയില്‍ വ്യാപക പ്രതിഷേധം അലയടിച്ചിരുന്നു. അമേരിക്കയില്‍ കഴിഞ്ഞ ദിവസം പോലീസുകാരന്‍ കറുത്ത വംശജനെ വെടിവെച്ച് കൊന്നിരുന്നു.

Latest