Kerala
കോഴിക്കോട്ടെ ഇരിങ്ങലില്‍ കാറും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു; പിതാവും മകളും മരിച്ചു

പയ്യോളി | കോഴിക്കോട്ടെ പയ്യോളിക്കടുത്തുള്ള ഇരിങ്ങലില്‍ കാറും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് പിതാവും മകളും മരിച്ചു. ശനിയാഴ്ച രാത്രി പത്തോടെ ദേശീയ പാതയില്‍ ഇരിങ്ങല്‍ മാങ്ങൂല്‍ പാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ കണ്ണൂര്‍ ചാല വെസ്റ്റ് വേ അപ്പാര്‍ട്ട്‌മെന്റിലെ ആഷിക്ക് (46), മകള്‍ ആഇശ ലിയ (19) എന്നിവരാണ് മരിച്ചത്. ആഇശ വടകര സഹകരണ ആശുപത്രിയിലും ആഷിക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കൊയിലാണ്ടിയില്‍ വച്ചുമാണ് മരിച്ചത്. കാറില്‍ കൂടെയുണ്ടായിരുന്ന മകന്‍ മുഹമ്മദ് ലാസിം (11), ബന്ധു ശുഐബ (49) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് മലബാര്‍ ഗ്യാസ് ഏജന്‍സിയില്‍ ഗ്യാസ് എത്തിച്ച ശേഷം തിരിച്ച് കൊച്ചിന്‍ റിഫൈനറിയിലേക്ക് പോകുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളത്തുനിന്ന് കണ്ണൂര്‍ താണയിലേക്ക് പോവുകയായിരുന്നു കാറിലെ യാത്രക്കാര്‍.
ഇടിയുടെ ആഘാതത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പുറത്തേക്ക് തെറിച്ചു വീണു. സംഭവസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ടാങ്കറില്‍ ഗ്യാസില്ലെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് പ്രദേശത്ത് ഭീതി അകന്നത്.
കൂട്ടിയിടിയില്‍ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഗ്യാസ് ലോറി ഡ്രൈവര്‍ ആലപ്പുഴ സ്വദേശി കവിരാജ് (45) പറഞ്ഞു. നിയന്ത്രണംവിട്ട ലോറി സമീപത്തെ മരത്തില്‍ ഇടിച്ചാണ് നിന്നത്. റോഡരികില്‍ നിര്‍ത്തിയിട്ട പീടിക വളപ്പില്‍ ഹേമന്തിന്റെ ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് തകര്‍ന്നു. പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് വീടിനു സമീപത്ത് നിര്‍ത്തിയിട്ട ശേഷം പമ്പിലേക്ക് പോയ ഹേമന്ത് ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ പയ്യോളിയിലും വടകരയിലും വാഹനങ്ങള്‍ പോലീസ് വഴിതിരിച്ചുവിട്ടു.
അര്‍ധരാത്രിക്കു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. വടകരയില്‍ നിന്നുള്ള അഗ്‌നിശമന സേനയുടെ ഒരു യൂനിറ്റ് സ്ഥലത്തെത്തി. ഡി വൈ എസ് പി. പ്രിന്‍സ് എബ്രഹാം, ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. ആര്‍ ഹരിദാസ്, പയ്യോളി സി ഐ. എം ആര്‍ ബിജു എന്നിവര്‍ സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.