ക്ഷയരോഗ, പോളിയോ വാക്‌സിനുകള്‍ കൊവിഡിന് ഫലപ്രദമോ? ശാസ്ത്രലോകം പരീക്ഷണത്തില്‍

Posted on: June 12, 2020 11:31 am | Last updated: June 12, 2020 at 12:52 pm

വാഷിംഗ്ടൺ | നൂറ്റാണ്ട് പഴക്കമുള്ള, ക്ഷയരോഗത്തിനെതിരായ വാക്‌സിനും ദശാബ്ദങ്ങള്‍ പഴക്കമുള്ള പോളിയോ വാക്‌സിനും കൊവിഡ് തടയാന്‍ ഫലപ്രദമാണോയെന്ന പരീക്ഷണത്തിലാണ് ശാസ്ത്രലോകം. ഈ വാക്‌സിനുകള്‍ക്ക് കോറോണ വൈറസിനെ എത്രമാത്രം പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച പരീക്ഷണം ആരംഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊറോണ വൈറസിനെ തിരിച്ചറിയാനും നശിപ്പിക്കാനും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ സജ്ജമാക്കുകയാണ് വാക്‌സിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. നോവല്‍ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ കണ്ടെത്തുന്നതിന് നിരവധി പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതിനിടയിലാണ് മുമ്പ് വിജയിച്ച രണ്ട് വാക്‌സിനുകള്‍ക്ക് ഈ വൈറസിനെതിരെ പൊരുതാന്‍ ശേഷിയുണ്ടോ എന്ന് ശാസ്ത്ര ലോകം അന്വേഷിക്കുന്നത്.

ടിബി, പോളിയോ എന്നിവയ്‌ക്കെതിരായ വാക്‌സിനുകള്‍ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകളില്‍ ഉപയോഗിച്ച് വരുന്നുണ്ട്. കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള വൈറസുകള്‍ക്ക് എതിരെ ശരീരത്തിന്റെ സ്വതസിദ്ധമായ രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അപകടസാധ്യത കുറഞ്ഞ മാര്‍ഗ്ഗമാണ് ഇതെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

കൊവിഡ് 19 നെ നേരിടാന്‍ ഇപ്പോള്‍ ലോകത്ത് ലഭ്യമായ ഒരേയൊരു വാക്‌സിനാണ് ഇതെന്ന് ക്ഷയരോഗ വാക്‌സിന പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ടെക്‌സസ് എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്ററിലെ മൈക്രോബയല്‍ പാത്തോജനിസിസ് ആന്‍ഡ് ഇമ്മ്യൂണോളജി പ്രൊഫസര്‍ ജെഫ്രി ഡി. സിറില്ലോ പറഞ്ഞു. ബാസിലസ് കാല്‍മെറ്റ്ഗുറിന്‍ എന്ന പൂര്‍ണനാമത്തില്‍ അറിയപ്പെടുന്ന ക്ഷയരോഗ പ്രതിരോധ വാക്‌സിനായ ബിസിജി ഇതിനകം തന്നെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ചിട്ടുണ്ടെന്നും സുരക്ഷിതമായി ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും സിറില്ലോ വിശദീകരിച്ചു.