Health
വെരിക്കോസ് വൈന്‍ മാറ്റാന്‍ വിനാസീല്‍ ചികിത്സ

നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ഒരു അസുഖമാണ് വെരിക്കോസ് വൈന്‍. കൂടുതല്‍ നേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവര്‍ക്കും കൂടുതല്‍ സമയം നടക്കുന്നവര്‍ക്കുമാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ഇതുമൂലം കാലുകളിലെ ഞരമ്പുകള്‍ തടിച്ചുവീര്‍ത്ത് കാണപ്പെടുകയും രക്തധമനികളില്‍ പുകച്ചില്‍, വേദന എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ചെയ്യും. ശരീരഭാഗങ്ങളില്‍ നിന്ന് രക്തത്തെ ശുദ്ധീകരണത്തിനായി ഹൃദയത്തിലേക്ക് എത്തിക്കുന്ന ഈ രക്തക്കുഴലുകളാണ് വെരിക്കോസ് വൈന്‍ ഉണ്ടാക്കുന്നത്.
ധാരാളം വാല്‍വുകളുടെ സഹായത്തോടെ വേണം രക്തം മുകളിലെത്താന്‍. തുടര്‍ച്ചയായി നിന്നുകൊണ്ട് ജോലി ചെയ്യുന്നത് കാരണം രക്തധമനികളിലെ വാല്‍വുകള്‍ക്ക് ബലഷയം ഉണ്ടാവുകയും അങ്ങനെ മുകളിലേക്കുള്ള ഒഴുക്കിന്റെ ശക്തി കുറഞ്ഞ് രക്തം കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് വെരിക്കോസ് വൈന്‍ എന്നു പറയുന്നത്. പാരമ്പര്യമായി ഈ അസുഖം വരാനുള്ള സാധ്യതയും ഉണ്ട്. സ്ത്രീകളില്‍ ഗര്‍ഭാധാരണം നടന്നതിനു ശേഷമാണ് ഈ അസുഖം പ്രത്യക്ഷമായി കണ്ടുവരുന്നത്.
തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്തതുകൊണ്ടുതന്നെ അധികമാരും ഇതിന് പ്രാരംഭഘട്ടത്തില്‍ ചികിത്സ ചെയ്യാറില്ല. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചു കഴിഞ്ഞാല്‍ കാലിന്റെ തൊലിയുടെ കട്ടി കൂടുകയും നിറം മാറുകയും വൃണങ്ങള്‍ ഉണ്ടാവുകയും ചെയ്യും. കൂടാതെ കാലിന്റെ ഞരമ്പുകള്‍ തടിച്ചു നില്‍ക്കുന്നതും കാണാം. കഠിനമായ വേദനയും ഈ അവസ്ഥയിലുണ്ടാകാം. ഈ അവസ്ഥയില്‍ ഉള്ളവര്‍ കൂടുതല്‍ നടക്കാനോ നില്‍ക്കാനോ പാടില്ല. അസുഖം ഉള്ള ആളുകളിലെ കാലിലെ മുറിവുകള്‍ ഉണങ്ങാതിരിക്കുകയും മരുന്നുകള്‍ പ്രതികരിക്കാതിരിക്കുകയും ചെയ്യും.
ഇതിന് നിരവധി ചികിത്സാ രീതികളുണ്ട്. ഓപ്പറേഷന്‍ വഴിയും ഈ രോഗം സുഖപ്പെടുത്താം. എന്നാല്‍ ഓപ്പറേഷന്‍ നടത്താന്‍ പേടിയുള്ളവര്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ വെരിക്കോസ് വൈന്‍ സുഖപ്പെടുത്താവുന്ന ഏറ്റവും പുതിയ ചികിത്സാ രീതിയാണ് വിനാസീല്‍. ഓപ്പണ്‍ സര്‍ജറിയും ലേസറും പോലെ രോഗം സ്ഥിരമായി സുഖപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.
ഓപ്പണ്‍ സര്‍ജറിയുമായും ലേസര്‍ സര്‍ജറിയുമായും താരതമ്യപ്പെടുത്തുമ്പോള്‍ വിനാസീലിന് വേദനയും മുറിവും കുറവാണ്. അനസ്‌തേഷ്യയുടെ ആവശ്യം വളരെകുറഞ്ഞൊരു സര്‍ജറിയാണിത്. വിനാസീല്‍ ചെയ്യേണ്ട ഭാഗത്ത് സൂചിവെച്ച് ഞരമ്പിന്റെ ഉള്ളിലൂടെ സൂപ്പര്‍ ഗ്ലൂ പോലുള്ള ഒരു പശ ഞരമ്പുകളില്‍ കുത്തിവെച്ച് ആ ഞരമ്പുകളെ ബ്ലോക്ക് ചെയ്യുന്ന രീതിയിലുള്ള ഒരു സര്‍ജറിയാണിത്. ഇതില്‍ വിനാസീല്‍ ചെയ്യേണ്ട ഭാഗത്ത് മാത്രം അനസ്‌തേഷ്യ കൊടുത്താല്‍ മതി. വെറും രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം നിരീക്ഷിച്ച് രോഗിയെ പറഞ്ഞുവിടാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ചികിത്സാ രീതികളിലൊന്നാണ് വിലാസീന്‍.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സുമിത് എസ് മാലിക്, ആസ്തര്‍ മിംസ് കോട്ടക്കല്‍.