ഇതാ വരുന്നു, വാട്‌സ്ആപ്പില്‍ അഞ്ച് കിടിലന്‍ ഫീച്ചറുകള്‍

Posted on: June 10, 2020 9:13 pm | Last updated: June 10, 2020 at 9:13 pm

ന്യൂഡൽഹി | ലോകത്താകമാനം രണ്ട് ബില്യണ്‍ ഉപഭോക്താക്കളുള്ള ഏറ്റവും ജനപ്രിയമായ മെസേജ് ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്. ആകര്‍ഷകങ്ങളായ പുതിയ ഫീച്ചറുകള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ആളുകളുടെ പിന്തുണ നിലനിര്‍ത്താന്‍ വാട്ട്‌സ്ആപ്പിന് കഴയുന്നു. പുതിയ അഞ്ച് ഫീച്ചറുകളുമായാണ് ഇത്തവണ വാട്ട്‌സ്ആപ്പിന്റെ വരവ്.

ഒന്നിലധികം ഡിവൈസുകള്‍ക്കുള്ള പിന്തുണ

ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് നിലവില്‍ ഒന്നിലധികം ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പുതുതായി ഒരു ഡിവൈസില്‍ ലോഗില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ നേരത്തെ ഉണ്ടായിരുന്ന ഡിവൈസില്‍ നിന്ന് സ്വമേധയാ ലോഗൗട്ടാകും. ഇതിന് പരിഹാരമായി ഒരേ അക്കൗണ്ട് നിരവധി ഡിവൈസുകളില്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉടന്‍ വാട്‌സ്ആപ്പില്‍ ലഭ്യമാകും.

വാട്‌സ്ആപ്പ് ക്യു ആര്‍ കോഡ്

ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് വാടസ്ആപ്പ് കോണ്‍ടാക്ട് ആഡ് ചെയ്യാനുള്ള സംവിധാനമാണിത്. ആന്‍ഡ്രോയിഡ്, ഐഒഎഎസ് ബീറ്റ വെര്‍ഷനുകളില്‍ ഇതിനകം ഈ ഫീച്ചര്‍ ലഭ്യമാണ്. സ്‌റ്റേബിള്‍ വെര്‍ഷനില്‍ ഉടന്‍ ഇത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വയം നശിക്കുന്ന സന്ദേശങ്ങള്‍

വാട്‌സ്ആപ്പില്‍ പേഴ്‌സണലായോ ഗ്രൂപ്പിലോ കൈമാറുന്ന സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനകം ഡിലീറ്റാകുന്ന സൗകര്യമാണിത്. ഇതും ബീറ്റാവെര്‍ഷനില്‍ ലഭ്യമാണ്.

ആപ്ലിക്കേഷനുള്ളില്‍ ബ്രൗസര്‍

വാട്‌സ്ആപ്പ് ചാറ്റുകളില്‍ കൈമാറുന്ന ലിങ്കുകള്‍ വാട്‌സ്ആപ്പിനുള്ളില്‍ തന്നെയുള്ള ബ്രൗസറില്‍ തുറക്കുവാനുള്ള സംവിധാനമാണിത്. ലിങ്കുകള്‍ തുറക്കാന്‍ മറ്റൊരു ബ്രൗസറിലേക്ക് പോകേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണം. ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ തുടങ്ങിയവയില്‍ ഈ സൗകര്യം നിലവിലുണ്ട്.

ലാസ്റ്റ്‌സീന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മാത്രം

വാട്‌സ്ആപ്പ് അവസാനമായി എപ്പോഴാണ് ലോഗൗട്ട് ചെയ്തത് എന്ന് വ്യക്തമാക്കു ലാസ്റ്റ്‌സീന്‍ നിലവില്‍ കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്കോ, അല്ലെങ്കില്‍ എല്ലാവര്‍ക്കുമായോ പ്രദര്‍ശിപ്പിക്കുവാനാണ് നിലവില്‍ വാട്‌സ്ആപ്പില്‍ സൗകര്യമുള്ളത്. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം ലാസ്റ്റ്‌സീന്‍ പങ്കുവെക്കുവാനുള്ള സൗകര്യം ലഭ്യമാകും.

വാട്ട്‌സ്ആപ്പ് ഡാര്‍ക്ക് മോഡ്, ഗ്രൂപ്പ് വോയ്‌സ് അല്ലെങ്കില്‍ വീഡിയോ കോള്‍ പരിധി നാലില്‍ നിന്ന് എട്ടായി വര്‍ധിപ്പിക്കല്‍, പതിവായി കൈമാറുന്ന സന്ദേശങ്ങള്‍ ഒരു സമയം ഒന്നിലധികം ചാറ്റുകളിലേക്ക് അയക്കുന്നത് നിയന്ത്രിക്കല്‍ തുടങ്ങിയ ഫീച്ചറുകള്‍ നേരത്തെ വാട്‌സ്ആപ്പ് നടപ്പാക്കിയിരുന്നു.