Connect with us

Kerala

സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ ചെറുക്കാന്‍ മലയാളികള്‍ ട്വിറ്ററിലേക്കൊഴുകുന്നു; തരംഗം സൃഷ്ടിച്ച് ഹാഷ്ടാഗ്

Published

|

Last Updated

കോഴിക്കോട് | കേരളത്തിനെ ലക്ഷ്യംവെച്ച് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പടച്ചുവിടുന്ന ട്വിറ്റര്‍ പ്രചാരണങ്ങളെ ചെറുക്കാന്‍ മലയാളികള്‍. മലയാളികള്‍ അത്ര സജീവമല്ലാത്ത ട്വിറ്ററിനെ തന്നെ ഉപയോഗപ്പെടുത്തിയാണ് പുതിയ നീക്കം. ട്വിറ്ററിനെ ഉപയോഗപ്പെടുത്തി കേരളത്തെ ലക്ഷ്യമിടുന്ന കുപ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ മലയാളികളെ പ്രേരിപ്പിക്കുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. പാലക്കാട് ആന ചരിഞ്ഞ സംഭവം ഉപയോഗിച്ച് കേരളത്തെയും പ്രത്യേക ജില്ലയെയും സമുദായത്തെയുമൊക്കെ താറടിക്കാന്‍ ദേശീയതലത്തിലുണ്ടായ ശ്രമമാണ് ഇതിന് പ്രേരകമായത്.

ഇതിന്റെ ഭാഗമായി “കേരള കംസ് ടു ട്വിറ്റര്‍” എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡായി. മലയാളി ട്വിറ്റര്‍ സര്‍ക്കിള്‍ എന്ന പേരില്‍ ഫേസ്ബുക്ക് ഗ്രൂപ്പുമുണ്ടാക്കിയിട്ടുണ്ട്. ഹാഷ്ടാഗിന് ട്വിറ്ററില്‍ ഏറെ പ്രാധാന്യമാണുള്ളത്. മലയാളികള്‍ ട്വിറ്ററിലേക്ക് ഒഴുകുകയാണെന്ന കുറിപ്പുമായി നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലും മറ്റുമൊക്കെ സജീവമാണെങ്കിലും കുറഞ്ഞ വാക്കുകളില്‍ ടെക്‌സ്റ്റ് പോസ്റ്റിന് പ്രാധാന്യമുള്ള ട്വിറ്ററില്‍ മലയാളികള്‍ വളരെ കുറവാണ്. അതേസമയം, ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ ട്വിറ്ററാണ് താരം. ബി ജെ പി അടക്കമുള്ള സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വിദ്വേഷ പ്രചാരണത്തിനും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടാനും പലപ്പോഴും ട്വിറ്ററാണ് ഉപയോഗിക്കാറുള്ളത്. ഒരേസമയം നിരവധി പേര്‍ ഒരു ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുമ്പോള്‍ അത് ട്രെന്‍ഡിംഗ് ആയി മാറും. അത്തരമൊരു ആസൂത്രിത വിദ്വേഷ പ്രചാരണമാണ് കഴിഞ്ഞ ദിവസം കേരളത്തിനെതിരെയുണ്ടായത്. പാലക്കാട് ആന ചരിഞ്ഞ സംഭവം മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ ബി ജെ പി ദേശീയതലത്തില്‍ തന്നെ ആസൂത്രിത ശ്രമം നടത്തിയിരുന്നു. മനേക ഗാന്ധി എം പിയും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുമൊക്കെ കേരളത്തെ ലക്ഷ്യംവെച്ച് ട്വീറ്റ് ചെയ്തിരുന്നു.

ഇത്തരം വിദ്വേഷ, വര്‍ഗീയ പ്രചാരണങ്ങളെ തടയിടുകയാണ് ട്വിറ്റര്‍ പ്രവേശത്തിലൂടെ മലയാളിക്കൂട്ടം ലക്ഷ്യമിടുന്നത്. ഏതാനും വര്‍ഷം മുമ്പ് സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ മലയാളികള്‍ തരംഗം സൃഷ്ടിച്ചിരുന്നു. മാത്രമല്ല, സ്വാതന്ത്ര്യ ദിനത്തില്‍ പാക്കിസ്ഥാന്റെ 50 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു.

Latest