National
ഒരു വർഷത്തേക്ക് പുതിയ പദ്ധതികളില്ല; ചെലവ് ചുരുക്കി കേന്ദ്രം

ന്യൂഡൽഹി| കൊറോണ വൈറസ് വ്യാപനത്തിനിടെ ചെലവുചുരുക്കലിന്റെ ഭാഗമായി ഒരു വർഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന ഉത്തരവുമായി ധനകാര്യ മന്ത്രാലയം. പുതിയ പദ്ധതികൾക്കായി ധനമന്ത്രാലയത്തിലേക്ക് അഭ്യർഥനകൾ അയക്കുന്നത് നിർത്താനും മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന, അത്മനിർഭർ ഭാരത് എന്നിവക്ക് കീഴിലുള്ള പദ്ധതികൾക്ക് മാത്രമേ തുക അനുവദിക്കൂ. നടപ്പ് സാമ്പത്തിക വർഷം മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ബജറ്റ് പ്രകാരം ഇതിനകം അംഗീകരിച്ച പദ്ധതികളും മാർച്ച് 31 വരെ താത്കാലികമായി നിർത്തിവെക്കും.
ആഗോള മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതു സാമ്പത്തിക സ്രോതസുകളിൽ അഭൂതപൂർവമായ ആവശ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. എന്നാൽ മുൻഗണനക്ക് അനുസൃതമായി വിവേകപൂർവം വിഭവങ്ങൾ ഉപയോഗിക്കേണ്ടതിന്‌റെ ആവശ്യകതയുണ്ടെന്നും ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
11 വർഷത്തിനിടയിലെ മന്ദഗതിയിലുള്ള ജി ഡി പി വളർച്ചയും നാല് പതിറ്റാണ്ടിലേറെയായുള്ള സാമ്പത്തിക സങ്കോച പ്രവചനങ്ങളും ഉൾപ്പെടെ നിരവധി കടുത്ത സാമ്പത്തിക സൂചകങ്ങൾക്ക് ശേഷമാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും ഉത്തരവിൽ പറയുന്നു.