Connect with us

National

ഒരേസമയം 25 സ്‌കൂളുകളില്‍ ജോലി; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക ശമ്പളം പറ്റിയത് കോടികള്‍

Published

|

Last Updated

ചിത്രം പ്രതീകാത്മകം

ലക്‌നോ | ഉത്തര്‍പ്രദേശില്‍ ഒരേ സമയം 25 സ്‌കൂളുകളില്‍ ജോലി ചെയ്ത് ഗവണ്‍മെന്റ് ടീച്ചര്‍ സമ്പാദിച്ചത് ലക്ഷങ്ങള്‍. ഒരു വര്‍ഷം ഒരു കോടിയോളം രൂപയാണ് അധ്യാപിക ശമ്പളമായി പറ്റിയത്. അധ്യാപികക്ക് എതിരെ യുപി അടിസ്ഥാന വിദ്യഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.

കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ അധ്യാപികയായ അനാമിക ശുക്ലക്ക് എതിരെയാണ് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരുടെ ഡിജിറ്റല്‍ ഡാറ്റാബെയ്‌സ് തയ്യാറാക്കിയപ്പോഴാണ് ഇവര്‍ 25 വ്യത്യസ്ത സ്‌കൂളുകളില്‍ നിയമനം നേടിയ വിവരം പുറത്തായത്. അമേത്തി, അംബേദ്കര്‍ നഗര്‍, റായ്ബറേലി, പ്രയാഗ് രാജ്, അലിഘഢ തുടങ്ങിയ ജില്ലകളിലെല്ലാം അനാമിക അധ്യാപികയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരി വരെ 13 മാസത്തെ ശമ്പളമായി ഇവര്‍ ഒരു കോടിയോളം രൂപ വാങ്ങിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അധ്യാപികക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ശമ്പള കൈമാറ്റത്തിന് ഒരേ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി അവരുടെ ശമ്പളം തടഞ്ഞതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest