Connect with us

National

ചെറുകിട, ഇടത്തരം മേഖലക്കായുള്ള പ്രത്യേക പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി | ചെറുകിട, ഇടത്തരം മേഖലക്കായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയതായി മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കായി 20,000 കോടിയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയുണ്ട്. സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പുതിയ വായ്പാ പദ്ധതിയിലൂടെ രണ്ടു ലക്ഷം സംരംഭകര്‍ക്ക് പ്രയോജനം ലഭിക്കും. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ആസ്തി വികസന ഫണ്ട് രൂപവത്ക്കരിക്കും. 50 കോടിയുടെ നിക്ഷേപവും 250 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ എം എസ് എം ഇ പരിധിയില്‍ ഉള്‍പ്പെടുത്തി.

2006ലെ എം എസ് എം ഇ നിയമം ഭേദഗതി ചെയ്തു. എം എസ് എം ഇ സംരംഭങ്ങള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാം. പ്രയാസമനുഭവിക്കുന്ന കര്‍ഷകരെയും തെരുവു കച്ചവടക്കാരെയും സഹായിക്കുന്നതിനും പാക്കേജില്‍ പദ്ധതികളുണ്ട്. 14 ഖാരിഫ് വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ചെറുകിട വായ്പകള്‍ തിരിച്ചടക്കാന്‍ സഹായം നല്‍കും. കര്‍ഷകര്‍ക്ക് വായ്പകളുടെ തിരിച്ചടവിന് ആഗസ്റ്റ് വരെ സമയം. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 53 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ക്വിന്റലിന്റെ മൊത്തം വില 1,868 രൂപയാകും. പരുത്തിയുടെ താങ്ങുവില 260 രൂപ വര്‍ധിപ്പിച്ച് 5,515ലേക്ക് ഉയര്‍ത്തി. പ്രകാശ് ജാവദേക്കറിനൊപ്പം നിതിന്‍ ഗഡ്കരി, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

---- facebook comment plugin here -----