Covid19
മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനത്തിനിടയാക്കിയത് 'നമസ്‌തേ ട്രംപ്'; ആരോപണവുമായി ശിവസേന

മുംബൈ | മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആരോപണമുന്നയിച്ച് സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന ശിവസേന. പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തിയ പ്രധാന മന്ത്രിയുടെ നമസ്തേ ട്രംപ് പരിപാടി ഗുജറാത്തില്‍ കൊവിഡ് വ്യാപനത്തിനിടയാക്കി. ട്രംപിനൊപ്പമെത്തിയ ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചിരുന്നു. ഇതോടെ കൊവിഡ് ഇവിടങ്ങളിലേക്കും പരക്കുകയായിരുന്നു. റൗത്ത് പറഞ്ഞു.
ഫെബ്രുവരി 24 ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ട്രംപും ചേര്‍ന്നു നടത്തിയ റോഡ് ഷോ കാണാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. ഇതിനു ശേഷം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം പേരെ അഭിസംബോധന ചെയ്തും ഇരുവരും പ്രസംഗിച്ചു. ഇതെല്ലാം മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
കൊവിഡിനെതിരെ പോരാടാന്‍ കേന്ദ്ര സര്‍ക്കാറിന് വ്യക്തമായ പദ്ധതികളില്ല. സാംക്രമിക രോഗം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ശിവസേന മുഖപത്രമായ സാംനയിലെ തന്റെ പ്രതിവാര കോളത്തില്‍ റൗത്ത് അഭിപ്രായപ്പെട്ടു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ശിവസേനാ നേതാവ് കുറ്റപ്പെടുത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണം എടുത്തു കളയാനുള്ള ചുമതല സംസ്ഥാനങ്ങള്‍ക്കു നല്‍കിയതും പിടിപ്പുകേടിന് ഉദാഹരണമാണ്- റൗത്ത് പറഞ്ഞു.