International
പുതു ചരിതം; നാസ യാത്രികരുമായി സ്വകാര്യ കമ്പനിയുടെ റോക്കറ്റ് ബഹിരാകാശ നിലയത്തിലേക്ക്

ഫ്‌ളോറിഡ | ബഹിരാകാശ യാത്രയില്‍ പുതു ചരിതം രചിച്ച് നാസയുടെ ബഹിരാകാശ സഞ്ചാരികളുമായി സ്വകാര്യ കമ്പനിയുടെ റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ശനിയാഴ്ച രണ്ട് യാത്രികരുമായി യാത്ര തിരിച്ചത്. സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് നാസ ബഹിരാകാശ യാത്രികരുമായി നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. റോബര്‍ട്ട് ബെന്‍കെന്‍, ഡഗ്ലസ് ഹര്‍ലി എന്നിവരാണ് യാത്രികര്‍.
അമേരിക്കന്‍ സമയം 3.22ന് (ഇന്ത്യന്‍ സമയം 12.53) ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ ലോഞ്ച് പാഡില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. 19 മണിക്കൂര്‍ കൊണ്ടാണ് റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഇരുവരും നിലയത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് നിലവിലുള്ള മൂന്ന് സഞ്ചാരികള്‍ക്കൊപ്പം ഇവര്‍ പരീക്ഷണങ്ങളില്‍ മുഴുകും. അതിനു ശേഷം യാത്രികരുമായി പേടകം മടങ്ങും.
ബുധനാഴ്ച വിക്ഷേപണം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവക്കുകയായിരുന്നു. 2011 നു ശേഷം യു എസ് മണ്ണില്‍ നിന്നുള്ള അമേരിക്കന്‍ ബഹിരാകാശ യാത്രികരുടെ ആദ്യ യാത്രയാണ്ഇതെന്ന പ്രത്യേകതയും ഉണ്ട്. വിക്ഷേപണ റോക്കറ്റും മനുഷ്യപേടകവും ആവര്‍ത്തിച്ച്ഉപയോഗിക്കാമെന്നതാണ് പുതിയ ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.