Organisation
കൊവിഡ്: എസ് വൈ എസ് പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി കെ ടി ജലീൽ
 
		
      																					
              
              
            ആനക്കര | കൊവിഡ് കാല ആശ്വാസ പ്രവർത്തനങ്ങളിൽ എസ് വൈ എസ് നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങൾ ഏവർക്കും മാതൃകാപരമാണെന്ന് മന്ത്രി കെ ടി ജലീൽ. ആനക്കര ചേക്കോട് യൂനിറ്റ് എസ് വൈ എസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച കാൽ ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലത്ത് വേറിട്ട പെരുന്നാളൊരുക്കിയ ചേക്കോട് ഗ്രാമത്തിന്റെ ഒരുമയും സഹായ സന്നദ്ധതയും മന്ത്രി ശ്ലാഘിച്ചു. ലോക്ക്ഡൗൺ കാലംതീരും വരെ അവശ്യവസ്തുക്കൾ സൗജന്യമായി ലഭ്യമാക്കുന്ന ഫാമിലി കാർഡ്, മാതൃദിനത്തിൽ അമ്മമാർക്ക് 1,000 രൂപ, ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ, മാസ്ക് വിതരണം, ചികിത്സാ സഹായം, വിധവാ പെൻഷൻ, സ്റ്റുഡന്റ്സ് സ്കോളർഷിപ്പ്, ബോധവത്കരണങ്ങൾ തുടങ്ങി വിവിധ പദ്ധതികൾ എസ് വൈ എസ് യൂനിറ്റ് കമ്മിറ്റി ഇതിനകം നടപ്പാക്കി.
പെരുന്നാൾ ദിനത്തിൽ വീടുകളിൽ നിന്ന് സമാഹരിച്ച കാൽലക്ഷം രൂപയുടെ നിധി കെ പി മൊയ്തീൻകുട്ടി ഹാജി, എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്റഫ് അഹ്സനി ആനക്കര, സിറാജ് കെ പി, മുനീർ ലത്വീഫ് എന്നിവർ ചേർന്നാണ് മന്ത്രി കെ ടി ജലീലിന് കൈമാറിയത്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

