Connect with us

Oman

വന്ദേ ഭാരത് മിഷന്‍: സ്തുത്യര്‍ഹമായ സേവനങ്ങളൊരുക്കി മസ്‌കത്ത്‌ ഇന്ത്യന്‍ എംബസി

Published

|

Last Updated

മസ്‌കത്ത് | വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് മികച്ച സേവനങ്ങളൊരുക്കി മസ്‌കത്ത് ഇന്ത്യന്‍ എംബസി. കൊവിഡ് ആരംഭം മുതല്‍ ഒമാനിലെ ഇന്ത്യക്കാരുടെ വിഷയങ്ങളില്‍ കരുതലോടെ ഇടപെടുന്ന എംബസി നടപടികള്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിന്ന് പിന്നാലെ പ്രഖ്യാപിച്ച പ്രത്യേക വിമാന സര്‍വീസുകള്‍ക്കും ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറിന്റെ നേതൃത്വത്തില്‍ മികച്ച സേവനങ്ങളാണ് നടത്തിവരുന്നത്.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് മസ്‌കത്ത് ഇന്ത്യന്‍ എംബസി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പ്രത്യേക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചപ്പോഴും കൃത്യമായി വിവരങ്ങള്‍ ഇന്ത്യക്കാരിലെത്തിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തി.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രയാസം അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടി ഭക്ഷ്യ കിറ്റുകള്‍ എത്തിച്ചു നല്‍കി. പലയിടങ്ങളിലും അംബാസഡര്‍ മുനു മാഹാവര്‍ തന്നെ നേരിട്ടെത്തി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വഴിയും സന്നദ്ധ സേവകരെ ഉപയോഗപ്പെടുത്തിയും പ്രവാസികള്‍ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കി.

ആദ്യ ഘട്ട സര്‍വീസുകള്‍ മുതല്‍ യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളുമായി എംബസി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലുണ്ട്. യാത്രക്കാരുടെ ക്ഷേമ വിവരങ്ങള്‍ അന്വേഷിച്ച് അംബാസഡര്‍ തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു.