International
അമേരിക്കയില്‍ പോലീസുകാരന്റെ ക്രൂരത; കറുത്ത വംശജന്‍ മരിച്ചു, പ്രതിഷേധം


കറുത്ത വംശജന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി വെച്ച പോലീസുകാരന്‍
വാഷിംഗ്ടണ്‍ | അമേരിക്കയില്‍ വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ മുട്ടുകാല്‍ കൊണ്ട് പിരടിയില്‍ അമര്‍ത്തിയതിനെ തുടര്‍ന്ന് കറുത്ത വംശജന്‍ ശ്വാസം മുട്ടി മരിച്ചു. ഇതിനെ തുടര്‍ന്ന് കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. മിന്നസോട്ട പ്രവിശ്യയിലെ മിന്നെപോളിസിലാണ് സംഭവം.
നാല്‍പ്പതുകാരനായ ജോര്‍ജ് ഫ്‌ളോയ്ഡ് ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത ജോര്‍ജ് ഫ്‌ളോയിഡിനെ തെരുവില്‍ കിടത്തി മിനുട്ടുകളോളം പോലീസുകാരന്‍ തന്റെ കാല്‍മുട്ട് കൊണ്ട് കഴുത്തില്‍ അമര്‍ത്തി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിച്ചു. തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ജോര്‍ജ് വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അടങ്ങൂ എന്നായിരുന്നു ഇതിനോട് പോലീസുകാരന്‍ പ്രതികരിച്ചത്. തുടര്‍ന്ന് മിനുട്ടുകളോളം പോലീസുകാരന്‍ കാല്‍മുട്ട് ജോര്‍ജിന്റെ കഴുത്തില്‍ വെച്ചു. ശ്വാസം കിട്ടാതെ കുരക്കുന്നതും പിടയുന്നതും വെള്ളത്തിനായി യാചിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. മിനുട്ടുകള്‍ക്കുള്ളില്‍ ജോര്‍ജ് ചലനമറ്റു.
സംഭവത്തിന് സാക്ഷികളായവരും കാല്‍മുട്ട് ഒഴിവാക്കാന്‍ പോലീസുകാരനോട് വിളിച്ചുപറയുന്നുണ്ട്. മുട്ടുകാല്‍ വെച്ച ഉദ്യോഗസ്ഥനടക്കം നാല് പേരെ പിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മിന്നിപോളിസില്‍ വ്യാപക പ്രതിഷേധം അരങ്ങേറി. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ജനങ്ങള്‍ പുറത്തിറങ്ങി പ്രതിഷേധിച്ചത്.