Connect with us

Kerala

നിലപാടുകളില്‍ നന്‍മയും നിശ്ചയദാര്‍ഢ്യവും കാണിക്കുന്ന നേതാവ്; പിണറായിക്ക് പിറന്നാള്‍ ആശംസകളുമായി ഇ പി ജയരാജന്‍

Published

|

Last Updated

കോഴിക്കോട്  |മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി മന്ത്രി ഇ പി ജയരാജന്‍. ഒട്ടേറെ പ്രതിസന്ധികളും തിക്താനുഭവങ്ങളും സ്ഫുടം ചെയ്തതാണ് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം. ശരിയെന്നു ബോധ്യമുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ കാണിക്കുന്ന പിണറായി കാണിക്കുന്ന ആര്‍ജവം മാതൃകയാണെന്നും ഇ പി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:

എന്നാണ് ജന്മദിനം എന്ന് ഓര്‍ക്കുക പോലും ചെയ്യാത്ത വ്യക്തിയാണ് സഖാവ് പിണറായി വിജയന്‍. എന്നാല്‍, എന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ അതിവിശിഷ്ട വ്യക്തിത്വം 75 പിന്നിടുന്ന ഈ വേളയില്‍ എളിയ രീതിയിലെങ്കിലും ആശംസ നേരാതിരിക്കാനാകില്ല.

കേരളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും ഉന്നതനായ ജനനേതാവാണ് പിണറായി വിജയന്‍. എന്റെ വിദ്യാര്‍ത്ഥി കാലം മുതല്‍ അദ്ദേഹവുമായി അടുപ്പമുണ്ട്. അന്നത്തെ ഉശിരന്‍ യുവനേതാവിന്റെ പ്രസംഗങ്ങള്‍ ആവേശത്തോടെ കേള്‍ക്കുമായിരുന്നു. ആ വാക്കുകളിലെ വ്യക്തതയും കണിശതയും വല്ലാതെ ആകര്‍ഷിച്ചു. ഏതു വിഷയത്തിലായാലും പിന്തുടരുന്ന ആശയത്തില്‍ അടിയുറച്ച നിലപാടുകളാണ് പ്രധാന സവിശേഷത. അതു കേള്‍വിക്കാരെ കൃത്യമായി ബോധ്യപ്പെടുത്താനും നല്ല കഴിവാണ്. ഒട്ടേറെ പ്രതിസന്ധികളും തിക്താനുഭവങ്ങളും സ്ഫുടം ചെയ്ത ആ രാഷ്ട്രീയ ജീവിതം, നേരിനൊപ്പം നിലകൊള്ളുന്നതില്‍ കണിശത പുലര്‍ത്തി.

ശരിയെന്നു ബോധ്യമുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവം വലിയൊരു മാതൃകയാണ്. തീരുമാനങ്ങളില്‍ ആരോടും പ്രത്യേക താല്‍പ്പര്യമോ പക്ഷപാതമോ തരിമ്പും പ്രകടിപ്പിക്കില്ല. പാര്‍ട്ടി കേഡര്‍മാര്‍ക്ക് തെറ്റ് സംഭവിക്കുമ്പോള്‍, ആ പിശക് തിരുത്തിച്ച് നേര്‍വഴിക്ക് കൊണ്ടുവരാനുള്ള പാടവം അസാമാന്യമാണ്. പലഘട്ടത്തിലും എതിരാളികള്‍ നടത്തിയ നെറികെട്ട ആക്രമണങ്ങള്‍ അതിജീവിക്കാന്‍ പിണറായിക്ക് അനായാസം സാധിച്ചു. കറപുരളാത്ത പൊതുജീവിതമാണ് അതിനെല്ലാം കരുത്തായത്.

നിലപാടുകളിലെ നന്മയും നിശ്ചയദാര്‍ഢ്യവും അടുത്തു നിന്ന് അറിഞ്ഞിട്ടുള്ളതിനാല്‍ ഒരിക്കലും ആ വാക്കുകളെ എതിര്‍ക്കേണ്ടി വന്നിട്ടില്ല. എതിര്‍ക്കാന്‍ എനിക്ക് ഒരിക്കലും സാധിക്കുകയുമില്ല.
ഒരു ജ്യേഷ്ഠ സഹോദരനായി കാണുന്ന അദ്ദേഹത്തോട് ആഴമേറിയ ആത്മബന്ധമാണുള്ളത്. രാഷ്ട്രീയ രംഗത്ത് അദ്ദേഹം നല്‍കിയ പ്രോത്സാഹനവും പിന്തുണയും എനിക്ക് പറഞ്ഞറിയിക്കാനാവില്ല. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായി, സഹോദരതുല്യനായി കൂടെ നിന്നു.

അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ അടുപ്പമുണ്ട്. തിരിച്ചും അങ്ങനെ തന്നെ. പിണറായിലെ വീട്ടിലെത്തിയപ്പോഴെല്ലാം ഒരു കുടുംബാംഗത്തിന്റെ സ്‌നേഹവും സ്വാതന്ത്ര്യവും അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ എന്നെ സ്വന്തം മകനെ പോലെയാണ് കണ്ടിരുന്നത്.

ഏതു പ്രതിസന്ധിയിലും അടിപതറാതെ ഈ നാടിനെ അദ്ദേഹം നയിക്കുകയാണ്. ആ നേതൃപാടവം ഇന്ന് ലോകമാകെ അംഗീകരിച്ചു. കേരളത്തിന്റെ അഭിമാനമാണ് പിണറായി വിജയന്‍. തുടര്‍ന്നുള്ള ജീവിതത്തിലും കൂടുതല്‍ കരുത്തോടെ മുന്നില്‍ നിന്നു നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ജന്മദിനാശംസകള്‍

---- facebook comment plugin here -----

Latest