Covid19
കേരളം മാതൃക; ഉദ്ദവ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം- മഹാരാഷ്ട്ര ബി ജെ പി

മുംബൈ | കൊവിഡിനെ തുടര്‍ന്ന് ആയിരങ്ങള്‍ മരിച്ച് വീണ മാഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് കുറ്റപ്പെടുത്തി സംസ്ഥാന ബി ജെ പി ഘടകം. മഹാരാഷ്ട്രയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയപ്പട്ടെ അതേ കാലയളവില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ പ്രതിരോധ രംഗത്ത് കൈവരിച്ച നേട്ടം ഉയര്‍ത്തുകാട്ടിയാണ് സംസ്ഥാന ബി ജെ പി ഘടകം ഉദ്ദവ് താക്കറയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. ശിവസേനയും എന്‍ സി പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സര്‍ക്കാറിന്റെ ഭരണപരാജയം ആരോപിച്ച് നാളെ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. നാളെ രാവിലെ 11ന് കറുത്ത റിബണുകളും മാസ്‌കുകളും ധരിച്ച് പ്ലക്കാര്‍ഡുകളുമായി ജനങ്ങള്‍ വീടുകള്‍ക്കു മുമ്പില്‍ ഇറങ്ങി നില്‍ക്കുന്ന വിധമുള്ള സമരമായിരിക്കും നടത്തുകയെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
മുംബൈയിലെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്നു. മാര്‍ച്ച് ഒമ്പതിനാണ് മഹാരാഷ്ട്രയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ രോഗികളുടെ എണ്ണം 40000ത്തില്‍ എത്തി. മുംബൈയില്‍ മാത്രം 22563 കേസുകളുണ്ടായി. എന്നാല്‍ ഇതേ കാലയളവിലാണ് കേരളത്തിലും ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 1000ത്തില്‍ താഴെയായി പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചില്ലെന്നും ചന്ദ്രകാന്ത് പാട്ടീല്‍ കുറ്റപ്പെടുത്തി.