Covid19
പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് സ്പീക്കര്‍ ആവശ്യപ്പെട്ടത് പ്രകാരം: കുഞ്ഞാലിക്കുട്ടി

മലപ്പുറം | എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ താന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തെന്ന മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവന പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കൊവിഡ് 19 മായി ബന്ധപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ആവശ്യപ്പെട്ടത് പ്രകാരം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാര്‍ച്ച് മാസത്തെ വേതനവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏപ്രില്‍ മാസത്തെ വേതനവും സംഭാവനയായി നല്‍കിയിട്ടുണ്ട്. സംഭാവനകള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലൂടെയും മറ്റും പരസ്യപ്പെടുത്തുന്നതിന് ശ്രമിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി നിരന്തരം വാസ്തവ വിരുദ്ധ പ്രസ്താവനകളിറക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19 മായി ബന്ധപ്പെട്ട് എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച ഒരു കോടി രൂപയില്‍ 50 ലക്ഷം രൂപ മഞ്ചേരി മെഡിക്കല്‍ കോളജില്‍ അഞ്ച് വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിനും ബാക്കി വരുന്ന 50 ലക്ഷം രൂപ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ആശുപ്രതികളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുമാണ് നല്‍കിയിട്ടുള്ളത്.
ഇതിനായുള്ള നടപടി ക്രമങ്ങള്‍ കലക്ടറേറ്റില്‍ പുരോഗമിക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.