Kerala
ജില്ലകള്‍ക്കുള്ളില്‍ ഉപാധികളോടെ പൊതുഗതാഗതം; അതിര്‍ത്തി ജില്ലാ യാത്രക്ക് പാസ് വേണ്ട

തിരുവനന്തപുരം | കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പൊതുമാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് ചില നിയന്ത്രണങ്ങള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍, കോളജ്, ട്രെയിനിങ് സെന്റര്‍ ഇവയൊന്നും അനുവദിക്കില്ല. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോല്‍സാഹിപ്പിക്കും. ജില്ലക്ക് അകത്ത് പൊതുഗതാഗതം അനുവദിക്കും. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം യാത്രക്കാര്‍ മാത്രമാകണം, നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ജില്ലക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരത്തിന് തടസ്സമുണ്ടാകില്ല.
അന്തര്‍ ജില്ലാ യാത്രകളില്‍ പൊതുഗതാഗതം ഉണ്ടാകില്ല. അല്ലാത്ത യാത്രകള്‍ ആകാം. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയായിരിക്കും ഇത്. അതിര്‍ത്തി ജില്ലാ യാത്രകള്‍ക്ക്
പാസ് ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് മതി. അവശ്യസര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സമയ പരിധി ഇല്ല. ഇലക്ട്രീഷ്യന്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ ട്രേഡ് ലൈസന്‍സ് കരുതണം. സമീപത്തല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യത്തിന് യാത്ര ചെയ്യുന്നതിന് പോലീസ് സ്റ്റേഷനില്‍നിന്നോ, കലക്ടറില്‍നിന്നോ അനുമതി വേണം. ജോലി ആവശ്യത്തിന് സ്ഥിരമായി ദൂരമുള്ള ജില്ലകളിലേക്ക് പോകുന്നവര്‍ പ്രത്യേക യാത്രാ പാസ് കലക്ടറില്‍നിന്നോ പോലീസ് മേധാവിയില്‍നിന്നോ നേടണമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു