വിൽക്കാനുള്ള നല്ല നേരം; ആർക്കും വന്ന് അടിച്ചോണ്ട് പോകാം…

Posted on: May 17, 2020 1:57 pm | Last updated: May 17, 2020 at 1:57 pm

നമ്മുടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ (അതൊരു അലങ്കാരത്തിന് പറഞ്ഞെന്നേയുള്ളൂ. ഇതൊന്നും ഒരുക്കിയെക്കിയെടുക്കുന്നത് അവരല്ല. ഉറക്കമിളച്ച് പഠിച്ച് നല്ല ഇംഗ്ലിഷില്‍ അത് വായിക്കലാണ് അവരുടെ റോള്‍) ആത്മനിർഭരത്തിൻ്റെ നാലാം എപിസോഡും പുറത്തിറക്കിയിരിക്കുന്നു. ദോഷം പറയരുതല്ലോ. ഇത്തവണ നല്ല വ്യക്തതയുണ്ടായിരുന്നു. എല്ലാ വാതിലും തുറന്നിടും. ആർക്കും വന്ന് അടിച്ചോണ്ട് പോകാം. സര്‍വത്ര സ്വകാര്യവത്കരണം. ഐ എസ് ആര്‍ ഒ മുതല്‍ ഖനി വരെ. സൈന്യം മുതല്‍ ആണവോര്‍ജം വരെ. എന്നുവെച്ചാല്‍ സമ്പദ്‌വ്യവസ്ഥയില്‍ അനക്കമുണ്ടാക്കാന്‍ സ്വകാര്യ, വിദേശ മൂലധനത്തെ കാത്തിരിക്കുന്നു. സമ്പദ് വ്യവസ്ഥ നടത്തിപ്പിന് കൊടുത്ത് സർക്കാർ മറ്റു കളികൾക്ക് പോകുന്നു. കളികൾ പലതുണ്ട്. രാം മന്ദിർ … പൗരത്വം… ഏക സിവിൽ കോഡ്. എല്ലാം ജയിക്കുന്ന കളികൾ.

സാക്ഷാല്‍ നെഹ്‌റുവിനെ പോലും തങ്ങളുടെ വഴിയേ കൊണ്ടുവന്നവരാണ് ഇന്ത്യൻ കുത്തകകൾ. വമ്പൻ മുതല്‍മുടക്ക് വേണ്ട റോഡും റെയിലും തപാലുമെല്ലാം പൊതു മേഖലയില്‍ ഉണ്ടാക്കി. ലാഭം കൊയ്യാനിടയുള്ളതെല്ലാം സ്വകാര്യ മേഖലക്ക് നല്‍കി. മിശ്ര സമ്പദ്‌വ്യവസ്ഥയെന്ന മഹത്തായ നയത്തിന്റെ തണലില്‍ ശതകോടീശ്വരന്‍മാരുണ്ടായി. എന്നാലും ആ പൊതു മേഖല രാജ്യത്തിന് നട്ടെല്ലുറപ്പ് നല്‍കിയിരുന്നു. കെട്ടിടത്തിന് ഉറപ്പ് നല്‍കുന്ന ബീമുകള്‍ പോലെ. മന്‍മോഹന്‍ നിരന്തരം വിറ്റിട്ടും അവ മുഴുവന്‍ തീര്‍ന്നില്ല. ഇപ്പോഴിതാ കൊവിഡിന്റെ മറവില്‍ ആകാശവും ഭൂമിയും തുറന്ന് കൊടുക്കുകയാണ്. രാജ്യത്തെ കരകയറ്റാനുള്ള വഴിയാണ് ഇതത്രേ. സ്വകാര്യ വ്യക്തികള്‍ പണമിറക്കിയാല്‍ അവര്‍ ലാഭത്തിനായി വിയര്‍ക്കും. അപ്പോള്‍ മൊത്തം സിസ്റ്റം മെച്ചപ്പെടും. ഇതാണ് ഉദ്ദേശ്യശുദ്ധി.

ഈ വാദം തൊണ്ടതൊടാതെ വിഴുങ്ങും മുമ്പ് ഈ നയം കാലങ്ങളായി പിന്തുടരുന്ന അമേരിക്കയിലേക്ക് ഒന്നു നോക്കിയാല്‍ മതി. വന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് മുമ്പില്‍ മനുഷ്യര്‍ മരിച്ചു വീഴുകയാണ് അവിടെ. എല്ലാം സ്വകാര്യ ആശുപത്രികളാണ്. ഇന്‍ഷ്വറന്‍സ് കമ്പനികളാണ് രാജാക്കന്‍മാര്‍. എന്തിന് അമേരിക്കയിലേക്കൊക്കെ പോകുന്നു. ആനക്കാംപൊയിലിലേക്ക് നട്ടപ്പാതിര നേരത്ത് കെ എസ് ആര്‍ ടി സി ബസല്ലാതെ ഏതെങ്കിലും സ്വകാര്യന്‍ ഓടുമോ? ഖനിയിലും ബഹിരാകാശത്തും വൈദ്യുതിയിലും വിദേശി മുതല്‍ മുടക്കുന്നത് നാട് നന്നാക്കാനാണോ? ലാഭം കുറയുമ്പോൾ അവർ കട പൂട്ടില്ലേ? വയറ് നിറച്ചൊന്ന് ഉണ്ണാനില്ലാത്ത കോടിക്കണക്കിന് മനുഷ്യരുള്ള ഇന്ത്യയിൽ വെൽഫെയർ ഇക്കണോമിക്സ് മാത്രമാണ് പോംവഴി.

വസ്തുത ഇതായിരിക്കെ നമ്മുടെ ഭരണകര്‍ത്താക്കള്‍ നിസ്സംഗ ശിലകളായി വിദേശ മൂലധനത്തിനും സ്വകാര്യ സംരംഭകര്‍ക്കുമായി കാത്തിരിക്കുകയാണ്. ഏത് പാദ സ്പർശമേറ്റാലാണ് ഇവരൊക്കെ മനുഷ്യരാകുക?

ആരേയും കാത്തിരിക്കേണ്ട കാര്യമില്ല. വായ്പാ ഉഡായിപ്പ് മാറ്റിവെച്ച്, വേലയും കൂലിയും ഇല്ലാതായ മനുഷ്യര്‍ക്ക് ഇത്തിരി പണം എത്തിച്ച് നല്‍കിയാല്‍ മതി. സമ്പദ്‌വ്യവസ്ഥ താനേ ചെറിഷ്ഡ് ആയിക്കോളും. മോദിജിക്കും നിര്‍മലാജിക്കും ഇതൊന്നും അറിയാഞ്ഞിട്ടല്ല. രണ്ടാമതും അധികാരത്തിലെത്താന്‍ പണം മുടക്കിയവരോടുള്ള കരാര്‍ പാലിക്കണമല്ലോ. അതിന് പറ്റിയ സമയം കൊവിഡ് കാലമാണല്ലോ. കാറ്റുള്ളപ്പോള്‍ തന്നെ തൂറ്റണം.

– മുസ്തഫ പി എറയ്ക്കൽ