Connect with us

Covid19

കാര്‍ഷിക മേഖലക്ക് ഒരു ലക്ഷം കോടി; തേനും പാലുമൊഴുക്കി ഉത്തേജക പാക്കേജിന്റെ മൂന്നാം ഘട്ടം

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ മൂന്നാം ഘട്ടത്തില്‍ കര്‍ഷകര്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടവര്‍ക്കുമായി 11 പദ്ധതികള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ പരിഷ്‌കരണം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രം പ്രഖ്യപിച്ചിരിക്കുന്നത്. മൃഗസംരക്ഷണം, തേനിച്ച വളര്‍ത്തല്‍, മത്സ്യബന്ധനം, കാര്‍ഷിക വിളകള്‍ തുടങ്ങിയ മേഖലക്ക് ഇതിലൂടെ സഹായം ലഭ്യമാക്കും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ധനമന്ത്രി നടത്തിയ പ്രധാന പ്രഖ്യാപനങ്ങള്‍

  • കാര്‍ഷിക മേഖലയടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപ നീക്കിവെക്കും. പ്രാഥമിക കാര്‍ഷിക സൊസൈറ്റികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് ഗുണകരമാകും. കയറ്റുമതിക്കും സഹായകരം. ഇതിനുള്ള ഫണ്ട് ഉടന്‍ സൃഷ്ടിക്കും.
  • ഇടത്തരം ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് 10,000 കോടി രൂപയുടെ സഹായം. ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളുടെ കാര്യത്തില്‍ ക്ലസ്റ്റര്‍ അധിഷ്ടിത സമീപനം സ്വീകരിക്കും. രണ്ട് ലക്ഷം ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
  • തീര ഉള്‍നാടന്‍ മത്സ്യബന്ധന മേഖലക്കായി പ്രധാനമന്ത്രി മത്സ്യസംപത യോജന പദ്ധതി. ഇതുവഴി 20,000 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കും. ഇതില്‍ 11,000 കോടി രൂപയുടെ പദ്ധതികള്‍ തീര, ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും അക്വാ കള്‍ച്ചറിനും നല്‍കും. 9000 കോടി രൂപ മത്സ്യ തുറമുഖവികസനത്തിനും മാര്‍ക്കറ്റുകള്‍ക്കും ശീതീകരണ സംവിധാനങ്ങള്‍ക്കും നല്‍കും. ഒരു ലക്ഷം കോടി രൂപയുടെ മത്സ്യബന്ധന കയറ്റുമതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
  • മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ദേശീയ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ ്ര്രേപാഗ്രാം. മൃഗങ്ങള്‍ക്ക് 100 ശതമാനം വാക്‌സിനേഷന്‍ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കും. മൃഗങ്ങള്‍ക്കിടയില്‍ സാധാരണമായ കാല്‍, വായ രോഗങ്ങള്‍ തടയുക ലക്ഷ്യം. കന്നുകാലികള്‍ക്ക് കുത്തിവെക്ക് ഉറപ്പാക്കാന്‍ 53 കോടി മൃഗങ്ങള്‍ക്കായി 13,343 കോടി രൂപ മാറ്റിവെക്കും. ജനുവരി മുതല്‍ 1.5 കോടി എരുമകളെയും പശുക്കളെയും വാക്‌സിനേഷനായി ടാഗ് ചെയ്തിട്ടുണ്ട്.
  • ക്ഷീര മേഖലയുടെ അടിസ്ഥാന വികസനത്തിന് 15,000 കോടി രൂപ. ക്ഷീര മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഡയറി പ്രൊസസിംഗ്, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍, തീറ്റ തുടങ്ങിയ മേഖലകളില്‍ സ്വകാര്യ നിക്ഷേപത്തിന് പദ്ധതി.
  • ഔഷധകൃഷിക്ക് 4000 കോടി രൂപ. 2.25 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ഔഷധ കൃഷിക്കായി നാഷണല്‍ മെഡിക്കല്‍ പ്ലാന്റ്‌സ് ബോര്‍ഡ് സഹായം നല്‍കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഹെക്ടര്‍ ഔഷധകൃഷിക്കായി ഉപയോഗപ്പടുത്തും. ഇതിലൂടെ കര്‍ഷകര്‍ക്ക് 5000 കോടി രൂപയുടെ സഹായം ലഭ്യമാക്കും. ഗംഗ നദീ തീരത്ത് 800 ഹെക്ടറില്‍ ഔഷധ സസ്യ ഇടനാഴി സ്ഥാപിക്കും.
  • തേനീച്ച വളര്‍ത്തലിന് 500 കോടി രൂപയുടെ സഹായം. ഗ്രാമീണ മേഖലയില്‍ തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കന്നതിനാണ് പദ്ധതി. തനീച്ച വളര്‍ത്തലിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് സഹായം നലകും.
  • ടോപ്ടു ടോട്ടല്‍ പദ്ധതിക്ക് 500 കോടി രൂപ. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവക്ക് മെച്ചപ്പെട്ട വിതരണ ശൃംഖല ഉറപ്പാക്കാന്‍ ഉണ്ടായിരുന്ന സംവിധാനം എല്ലാ പച്ചക്കറി ഉത്പന്നങ്ങള്‍ക്കുമായി വ്യാപിപ്പിക്കും. ആദ്യം പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ച് പിന്നീട് രാജ്യവ്യാപകമായി നടപ്പിലാക്കും. സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതിന് ഗതാഗതത്തിന് 50 ശതമാനവും കോള്‍ഡ് സ്‌റ്റോറേജിന് 50 ശതമാനവും സബ്‌സിഡി നല്‍കും.
  • 1955ലെ അവശ്യ വസ്തു നിയമം കാലോചിതമായി പരിഷ്‌കരിക്കും. പയറ്, ഉള്ളി ഉരുളക്കിഴങ്ങ് തുടങ്ങിയവക്ക് ഉള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയും.
  • കൃഷിക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് കൃത്യമായ വില ഉറപ്പുവരുത്തുന്നതിന് നേരിട്ട് വിപണനം നടത്താന്‍ സൗകര്യം ഒരുക്കും. ഇതിനായി കേന്ദ്ര നിയമം കൊണ്ടുവരും. അന്തര്‍ സംസ്ഥാന വിപണനം സാധ്യമാകുന്ന പരിഷ്‌കരണവും നടപ്പാക്കും.
  • കാര്‍ഷിക ഉത്പന്നങ്ങളുടെ ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നതിന് സംവിധാനം ചെയ്യും. വിതയ്ക്കുന്ന സമയത്ത് തന്നെ വിളയുടെ വില നിശ്ചയിക്കുന്നതിന് കര്‍ഷകരെ സഹായിക്കുന്ന സംവിധാനം ഏര്‍പെടുത്തും.

Latest