Connect with us

Covid19

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി; കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം

Published

|

Last Updated

ന്യൂഡല്‍ഹി | ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാന മന്ത്രി പ്രഖ്യാപിച്ച പാക്കേജിന്റെ രണ്ടാം ഘട്ടം വിശദീകരിച്ചു കൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വേണ്ടിയുള്ളതാണ് രണ്ടാം ഘട്ടത്തിലെ ആനുകൂല്യങ്ങള്‍. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മെയ് 31 വരെ നീട്ടിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളി ക്ഷേമത്തിനായി മൂന്ന് പദ്ധതികള്‍ നടപ്പാക്കും. കര്‍ഷകര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കുമായി മൂന്ന് പദ്ധതികളുണ്ട്.

25 ലക്ഷം പുതിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. കൊവിഡിന് ശേഷം കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങളും പണലഭ്യതയും ഉറപ്പുവരുത്തും. കാര്‍ഷിക മേഖലക്കായി 6700 കോടി രൂപ നീക്കിവക്കും. ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ഊന്നല്‍ നല്‍കും. 88,600 കോടി രൂപയുടെ കാര്‍ഷിക വായ്പകളും രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ചു. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനങ്ങള്‍ക്ക് 4200 കോടി നല്‍കും.

എട്ടു കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി രണ്ടു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യവും പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചു. അഞ്ച് കിലോ ധാന്യവും, ഒരു
കിലോ കടലയുമാണ് നല്‍കുക. ഇതിനായി 3500 കോടി രൂപ ചെലവഴിക്കും. ചെലവിനത്തിലുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും. എന്നാല്‍, നടത്തിപ്പു ചുമതല സംസ്ഥാന സര്‍ക്കാറിനായിരിക്കും. 2021 മാര്‍ച്ചോടെ എവിടെ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന സംവിധാനമുണ്ടാക്കും. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കും. 23 സംസ്ഥാനങ്ങളിലെ 67 കോടി കുടിയേറ്റ തൊഴിലാളി ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രധാന മന്ത്രി ആവാസ് യോജന വഴി കുടിയേറ്റ തൊഴിലാളികള്‍ക്ക് കുറഞ്ഞ തുകക്ക് വീട് നല്‍കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും പദ്ധതി. മുദ്ര വായ്പക്ക് അനുബന്ധമായി മത്സ്യത്തൊഴിലാളികള്‍ക്ക് വായ്പ ലഭ്യമാക്കും.

വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച മറ്റ് പ്രധാന കാര്യങ്ങള്‍:

  • കുടിയേറ്റ തൊഴിലാളികള്‍ക്കായി 11002 കോടി രൂപ നീക്കിവച്ചു.
  • വഴിയോര കച്ചവടക്കാരെ സഹായിക്കുന്നതിനായി 5000 കോടി. പദ്ധതി ഒരുമാസത്തിനകം നടപ്പാക്കും. 50 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
  • ഇടത്തട്ടുകാര്‍ക്ക് 70,000 കോടി രൂപയുടെ ഭവന പദ്ധതി.
    തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി പരിഷ്‌ക്കരിക്കും.
  • എല്ലാ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷാ പദ്ധതി.
  • മുഴുവന്‍ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് അവസരം.
  • തൊഴിലാളികള്‍ക്ക് എല്ലാ വര്‍ഷവും ആരോഗ്യ പരിശോധന.
  • അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇ എസ് ഐ.
  • എല്ലാ സംസ്ഥാനങ്ങളും എഫ് പി എസ് പരിധിയിലാക്കും.
  • 7200 പുതിയ സ്വയംസഹായ സംഘങ്ങള്‍ രൂപവത്ക്കരിച്ചു.
  • ഏപ്രില്‍ മാസത്തില്‍ സംസ്ഥാനങ്ങള്‍ക്കായി 1002 കോടി രൂപ നല്‍കി.
  • മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ 63 ലക്ഷം രൂപയുടെ വായ്പകള്‍ അനുവദിച്ചു.
  • 12000 സ്വയം സഹായ സംഘങ്ങള്‍ മൂന്നു കോടി മാസ്‌കുകള്‍ നിര്‍മിച്ചു.
  • 50 ശതമാനം പേര്‍ കൂടുതലായി തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി.
  • 10 പേരില്‍ കുറവുള്ള എല്ലാ സ്ഥാപനങ്ങളും ഇ എസ് ഐ പരിധിയിലാക്കി.
  • സ്വയംസഹായ സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് നല്‍കുന്നതിനായി ഏപ്രിലില്‍ പൈസ പോര്‍ട്ടല്‍ സ്ഥാപിച്ചു. ഗുജറാത്തില്‍ ആരംഭിച്ച പൈലറ്റ് പദ്ധതി മേയില്‍ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.
  • ഗോത്ര-ആദിവാസി വിഭാഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 6000 കോടി.
    2.5 കോടി കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ വായ്പാ ആനുകൂല്യം.
  • നബാര്‍ഡ് ഗ്രാമീണ സഹകരണ ബേങ്കുകള്‍ വഴി30,000 കോടിയുടെ കാര്‍ഷിക വായ്പാ സഹായം.
  • ഹൗസിംഗ് മേഖലയില്‍ 70,000 കോടിയുടെ നിക്ഷേപത്തിന് സാഹചര്യമൊരുക്കും.
  • ഹൗസിംഗ് മേഖലയിലെ ഇടത്തരം വരുമാനക്കാര്‍ക്ക് സി എല്‍ എസ് എസ് പദ്ധതി മാര്‍ച്ച് 2021 വരെ ദീര്‍ഘിപ്പിച്ചു.
  • 2.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
  • ഒരാള്‍ക്ക് 10,000 രൂപ വരെ അടിയന്തിര വായ്പയായി നല്‍കും. ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കും. 50 ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കും.
  • മുദ്ര ശിശു ലോണ്‍ തിരിച്ചടവില്‍ 12 മാസത്തേക്ക് രണ്ട് ശതമാനം പലിശ ഇളവ്
  • അസംഘടിത മേഖലയില്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കും.
  • കഴിഞ്ഞ വര്‍ഷം 182 രൂപയായിരുന്ന ശരാശരി വേതന നിരക്ക് 202 രൂപയായി വര്‍ധിപ്പിച്ചു.
  • കുടിയേറ്റ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും പാര്‍പ്പിടവും ഒുരുക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ റസ്പോണ്‍സ് ഫണ്ട് (എസ് ഡി ആര്‍ എഫ്) ഉപയോഗിക്കാനായി സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി. ഇതിന്റെ ഭാഗമായി11002 കോടി രൂപ മുന്‍കൂട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഏപ്രില്‍ മൂന്നിന് നല്‍കി.
  • നഗരങ്ങളില്‍ വീടുകള്‍ ഇല്ലാത്തവര്‍ താമസിക്കുന്ന അഭയകേന്ദ്രങ്ങളില്‍ മൂന്നു നേരം ഭക്ഷണം മാര്‍ച്ച് 28 മുതല്‍ നല്‍കി.
  • 12,000 സ്വയംസഹായ സംഘങ്ങള്‍ മൂന്നു കോടി മുഖാവരണങ്ങളും 1.20 ലക്ഷം ലിറ്റര്‍ സാനിറ്റൈസറും നിര്‍മിച്ചു. ഇതിലൂടെ പാവപ്പെട്ടവര്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചു.
  • മേയ് 13 ന് ശേഷം 14.62 കോടി പ്രവൃത്തി ദിനങ്ങള്‍ സൃഷ്ടിച്ചു. സ്വന്തം സംസ്ഥാനങ്ങളിലേക്കു തിരിച്ചുപോകുന്ന കുടിയേറ്റ തൊഴിലാളികള്‍ ഈ പദ്ധതിയില്‍ ചേര്‍ന്നു. ഇതിനായി 10,000 കോടി രൂപ ചെലവിട്ടു.
  • 1.87 ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ 2.33 കോടി പേര്‍ക്ക് തൊഴില്‍ നല്‍കി.
  • നഗരങ്ങളില്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് താമസിക്കാനിടമില്ലാത്തവര്‍ക്കായി ദിവസവും മൂന്നുനേരം ഭക്ഷണം മാര്‍ച്ച് 28 മുതല്‍ നല്‍കി.
  • നാടുകളിലേക്ക് തിരികെ പോകുന്ന തൊഴിലാളികള്‍ക്ക് അവിടെത്തെന്നെ തൊഴില്‍ ഉറപ്പാക്കും.

 

Latest