Connect with us

Editorial

ഭരണകൂട ഭീകരത ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനെതിരെയും

Published

|

Last Updated

മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ന്യൂനപക്ഷ വേട്ട നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കളും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാനുമാണ് ഭരണകൂട ഭീകതയുടെ പുതിയ ഇരകള്‍. പൗരത്വ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ജെ എൻ ‍യുവിലെ മുന്‍ വിദ്യാർഥി നേതാവ് ഡോ. ഉമര്‍ ഖാലിദ്, ജാമിഅ മില്ലിയ്യ വിദ്യാര്‍ഥി നേതാക്കളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, പൂര്‍വവിദ്യാര്‍ഥി സംഘടനാ അധ്യക്ഷന്‍ ശിഫാഉര്‍റഹ്്മാന്‍ തുടങ്ങിയവര്‍ക്കെതിരെ ലോക്ഡൗണിന്റെ മറവില്‍ യു എ പി എ ചുമത്തിയിരിക്കുകയാണ് ഡല്‍ഹി പോലീസ്. ഇതിനുപിന്നാലെ ഖാനെതിരെ നീണ്ടിരിക്കുകയാണ് അധികാര കേന്ദ്രങ്ങളുടെ കരാളഹസ്തങ്ങള്‍.
സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ടുവെന്ന ഒരു സംഘ്പരിവാറുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാനെ വേട്ടയാടുന്നത്. ഡല്‍ഹി ബി ജെ പി. എം എൽ ‍എമാരുടെ പ്രതിനിധി സംഘം ലഫ്. ഗവര്‍ണറെ കണ്ട് ഖാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐ പി സി സെക്്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി ജോയിന്റ് പോലീസ് കമീഷണര്‍ നീരജ് ഠാക്കൂര്‍ സഫറുല്‍ ഇസ്‌ലാം ഖാനെതിരെ കേസെടുക്കുകയും ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ അദ്ദേഹത്തിന്റെ വീടുകള്‍ റെയ്ഡ് ചെയ്യുകയുമുണ്ടായി. നോമ്പ് തുറക്കാനായ ഘട്ടത്തില്‍ വൈകുന്നേരം ആറോടെ ഖാനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പോടെ ഡല്‍ഹി പോലീസ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. തടിച്ചുകൂടിയ ജനങ്ങളും അഭിഭാഷകരും പ്രതിരോധം തീര്‍ത്തതിനാല്‍ പോലീസ് തത്കാലം അറസ്റ്റ് മാറ്റിവെച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനും അപേക്ഷിച്ചിരിക്കുകയാണ് ഖാന്‍.

ഇന്ത്യയിലെ ഇസ്‌ലാമോഫോബിയക്കെതിരെ അറബ്‌ നാടുകളില്‍ നടക്കുന്ന ക്യാമ്പയിനിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതും പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ ഭരണകൂടം കൈക്കൊണ്ട ക്രൂരനപടികളെ രൂക്ഷമായി വിമര്‍ശിച്ചതുമാണ് ഖാനെ ഹിന്ദുത്വ ഫാസിസത്തിന്റെയും കേന്ദ്രഭരണത്തിന്റെയും കണ്ണില്‍ കരടാക്കി മാറ്റിയത്. ഫെബ്രുവരി അവസാനവാരം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ വംശീയാക്രമണമെന്നായിരുന്നു ഖാന്‍ വിശേഷിപ്പിച്ചത്. ബി ജെ പി നേതാക്കളടക്കമുള്ള ഹിന്ദുത്വവാദികളുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം വരുന്ന സ്വകാര്യ കമാന്‍ഡോകള്‍ പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് നേരെ നടത്തിയ ഏകപക്ഷീയമായ അക്രമത്തെ എങ്ങനെ കലാപമെന്ന് വിശേഷിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ആ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി തന്റെ വാദങ്ങള്‍ ശരിയാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി വംശീയാക്രമണത്തിന്റെ ഇരകളെ പ്രതികളാക്കി അറസ്റ്റ് നടന്നപ്പോഴും അദ്ദേഹം പ്രതികരിക്കുകയും വിശദീകരണം ആവശ്യപ്പെട്ട് ഡല്‍ഹി പോലീസിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

2017 ജൂലൈയിലാണ് ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല, സിഖ്, ജൈന, ക്രൈസ്തവ, പാര്‍സി വിഭാഗങ്ങള്‍ക്കിടയിലും കമ്മീഷന്‍ ചെയര്‍മാന്‍ പദവിയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ സ്വീകാര്യനാക്കിയിരുന്നു. പദവിയില്‍ നിന്ന് പിരിയാന്‍ മൂന്ന് മാസം കൂടി ബാക്കിയിരിക്കെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ ഇരുമ്പഴിക്കുള്ളില്‍ തളക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. മതസ്പര്‍ദ്ധ സൃഷ്ടിക്കുന്നതാണ് ഖാന്റെ ട്വീറ്റെന്നാണ് സംഘ്പരിവാറും മോദി സര്‍ക്കാറും ആരോപിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ മുസ്‌ലംകള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള ചര്‍ച്ച മാത്രമാണ് ട്വിറ്റിലൂടെ താന്‍ ഉദ്ദേശിച്ചതെന്നും മതവിദ്വേഷം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളൊന്നും ആ വരികളിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഫോര്‍ റിലീജ്യസ് ഫ്രീഡം ഉള്‍പ്പെടെ പല ആഗോള ഏജന്‍സികളും ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വന്‍തോതില്‍ തകര്‍ച്ച നേരിടുകയും മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ഭരണകൂട ഭീകരത ശക്തമാകുകയും ചെയ്യുന്നതായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ പരിസരത്ത് നിന്നാണ് ഇത്തരമൊരു ചര്‍ച്ചക്ക് താന്‍ തുനിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ കണ്ടില്ലെന്നു നടിക്കുകയും അധികാരിളോട് ഒട്ടിനില്‍ക്കുകയും ചെയ്യുന്നവരാണ് ന്യൂനപക്ഷത്തില്‍ നിന്ന് ഉന്നത പദവികളിലെത്തിപ്പെടുന്നവരില്‍ ഏറിയ കൂറും. ഇതില്‍ നിന്ന് വ്യത്യസ്തനാണ് സഫറുല്‍ ഇസ്‌ലാം ഖാന്‍. അദ്ദേഹം കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയും. അധികാര കേന്ദ്രത്തോടല്ല ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പദവി ആവശ്യപ്പെടുന്ന കടമകളോടാണ് അദ്ദേഹത്തിന് കൂറ്. നിയമത്തിന്റെ കുരുക്കിൽപ്പെടുത്തി അദ്ദേഹത്തെ നിശ്ശബ്ദനാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. അതേസമയം, ഭരണഘടനയെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള തന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വ്യാജകുറ്റാരോപണങ്ങള്‍ക്കോ കേസുകള്‍ക്കോ ആകില്ലെന്നും വിദ്വേഷ രാഷ്ട്രീയത്തിനെതിരായ പോരാട്ടങ്ങളില്‍ താന്‍ എക്കാലവും ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ശക്തിപ്പെട്ടു വരുന്ന ഇസ്‌ലാമോഫോബിയയും സര്‍ക്കാറിന്റെ മതന്യൂനപക്ഷ വേട്ടയും പൂര്‍വോപരി ആഗോള സമൂഹത്തിന്റെ വിമര്‍ശത്തിനും പ്രതിഷേധത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണ് സമീപ കാലത്ത്. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യാത്ത അറബ് മാധ്യമങ്ങള്‍ പൗരത്വ ഭേദഗതി പ്രക്ഷോഭങ്ങള്‍ക്കും ഭരണകൂട ഭീകരതക്കും വലിയ കവറേജാണ് നല്‍കിയത്. ഇത്തരമൊരു സാഹചര്യത്തില്‍ സഫറുല്‍ ഇസ്‌ലാം ഖാനെ പോലുള്ള ഒരു പ്രമുഖനെതിരായ സര്‍ക്കാര്‍ നീക്കം ആഗോളതലത്തില്‍ മോദി സര്‍ക്കാറിന് മോശം അഭിപ്രായം ഉണ്ടാക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുയും ചെയ്യുമെന്നും ഉത്തരവാദപ്പെട്ടവർ ഓര്‍ത്തിരിക്കേണ്ടതുണ്ട്.

Latest