Kerala
വിമാനങ്ങളെത്തി; ആശ്വാസ തീരത്തണഞ്ഞ് പ്രവാസികള്‍

കൊച്ചി/കരിപ്പൂര്‍ | അബൂദബിയില്‍ നിന്നും ദുബൈയില്‍ നിന്നും പ്രവാസികളെയും വഹിച്ചുള്ള വിമാനങ്ങള്‍ കേരളത്തിലെത്തി. അബൂദബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഹത 452 എന്ന പ്രത്യേക വിമാനം രാത്രി 10.07ഓടെയും ദുബൈ-കരിപ്പൂര്‍ വിമാനം 10.32ഓടെയുമാണ് എത്തിയത്. അബൂദബിയില്‍ നിന്നെത്തിയ വിമാനത്തില്‍ 177 പേരും ദുബൈയില്‍ നിന്നുള്ളതില്‍ 177 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമാണുള്ളത്. യഥാക്രമം നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളിലാണ് വിമാനങ്ങള്‍ പറന്നിറങ്ങിയത്. മടങ്ങിയെത്തിയവരുടെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.
49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും അബൂദബിയില്‍ നിന്നെത്തിയ വിമാനത്തിലുണ്ട്. റാപിഡ് ടെസ്റ്റ് നടത്തി കൊവിഡ് ബാധയില്ലെന്ന് ഉറപ്പിച്ച ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചതെങ്കിലും നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളിലും
ഇവരെ പരിശോധിക്കുന്നുണ്ട്. മുപ്പതോളം പേരുള്ള ആറു സംഘങ്ങളായി തിരിച്ചാണ് പരിശോധന.
ഓരോ ജില്ലക്കാരെയും അതതു ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസിലാണ് അയക്കുക. കൊവിഡ് കെയര്‍ കേന്ദ്രം വരെ യാത്രക്കാരെ പോലീസ് അനുഗമിക്കും. അതിനിടെ, നാട്ടിലെത്തുന്ന പ്രവാസികളെ സംബന്ധിച്ച കൊവിഡ് മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുതുക്കി. പരിശോധന നടത്താത്തവര്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. നെഗറ്റീവ് ഫലമുള്ളവര്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴു ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഏഴു ദിവസം കഴിഞ്ഞ് ലക്ഷണമില്ലെങ്കില്‍ മറ്റൊരു ഏഴു ദിവസം വീടുകളില്‍ നിരീക്ഷണത്തിലിരിക്കണം.