Connect with us

Covid19

ലോക്ക് ഡൗണ്‍: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് അഭിജിത് ബാനര്‍ജി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ലോക്ക് ഡൗണിന്റെ ഭാഗമായി സമൂഹത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യം വന്‍തോതിലുള്ള ഉത്തേജന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധനും നോബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. ആളുകള്‍ പാപ്പരാവുന്നതിന് തടയാന്‍ പണം നേരിട്ട് കൈകളിലെത്തിക്കുന്ന സംവിധാനം വരെ ആലോചിക്കേണ്ടതായി വരും.

“ഒരു ഉത്തേജന പാക്കേജാണ് നിലവില്‍ ഇന്ത്യക്ക് ആവശ്യം. മതിയായ തോതിലുള്ള സാമ്പത്തിക പാക്കേജ് നമ്മള്‍ ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല.”- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള ഒരു സംഭാഷണത്തിനിടെ ബാനര്‍ജി പറഞ്ഞു. കൊവിഡ് 19 സൃഷ്ടിച്ച് പ്രതിസന്ധിയും ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലെയും ആഗോള തലത്തിലെയും വിദഗ്ധരുമായി ആശയ വിനിമയം നടത്തിവരികയാണ് രാഹുല്‍.

ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി മൂന്നു മുതല്‍ ആറു മാസം വരെ ജനങ്ങള്‍ക്ക് താത്ക്കാലിക റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. പണവും ഗോതമ്പും അരിയും കൈമാറ്റം ചെയ്യാന്‍ ഇത്തരം റേഷന്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനാകണം- ബാനര്‍ജി പറഞ്ഞു. അടിത്തട്ടിലേക്ക് 60 ശതമാനം വരെ പണം നല്‍കുന്നതു കൊണ്ട് മോശമായി ഒന്നും സംഭവിക്കില്ല. എന്നാല്‍, പണം നല്‍കുന്നത് പാവപ്പെട്ടവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണോ എന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.

ആധാര്‍ അടിസ്ഥാനമാക്കിയുള്ള പൊതു വിതരണ സമ്പ്രദായം പാവപ്പെട്ടവരെ കടുത്ത ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും ഈ സംവിധാനത്തിന്റെ ഭാഗമായിട്ടില്ലെന്നതാണ് ഇതിനു കാരണം. ആവശ്യകത പുനരുജ്ജീവിപ്പിക്കുന്നതിന് യു എസിനെ മാതൃകയില്‍ ജനങ്ങളുടെ കൈയിലേക്ക് കൂടുതല്‍ പണമെത്തിക്കണം. വായ്പാ കുടിശ്ശികകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കേണ്ടതും ആവശ്യമാണ്- ബാനര്‍ജി വിശദമാക്കി. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യം ആലോചിച്ചു മാത്രം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേര്‍ കൊവിഡ് ബാധിതരാകുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് ഉചിതമാകില്ല. ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍-അമേരിക്കന്‍ ധനകാര്യ വിദഗ്ധനായ അഭിജിത് ബാനര്‍ജിക്ക് 2019ലാണ് നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചത്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എസ്തര്‍ ഡുഫ്‌ളോ, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ മിഷേല്‍ ക്രെമര്‍ എന്നിവരുമായി അദ്ദേഹം ലോകോത്തര പുരസ്‌ക്കാരം പങ്കിടുകയായിരുന്നു. ആഗോള തലത്തിലെ ദാരിദ്ര്യം നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ഇവര്‍ സ്വീകരിച്ച പരീക്ഷണാത്മക സമീപനത്തിനായിരുന്നു പുരസ്‌ക്കാരം.

ഏപ്രില്‍ 30ന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായും രാഹുല്‍ ആശയവിനിമയം നടത്തിയിരുന്നു. പാവപ്പെട്ടവരുടെ കൈകളിലേക്ക് നേരിട്ട് പണവും പൊതു വിതരണ സമ്പ്രദായത്തിലൂടെ ഭക്ഷണവും എത്തിക്കണമെന്ന് അദ്ദേഹവും നിര്‍ദേശിച്ചിരുന്നു. കൊവിഡ് വൈറസിന്റെയും ലോക്ക് ഡൗണും തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറണമെങ്കില്‍ ഇത് അത്യാവശ്യമാണ്. ഇതിന് 65,000 കോടിയോളം രൂപ വിനിയോഗിക്കേണ്ടി വരും. ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 200 ലക്ഷം കോടിയാണെന്നതിനാല്‍ ഇത് വളരെ ചെറിയൊരു തുക മാത്രമാണെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest