രണ്ടാം ഘട്ട ലോക്ക് ഡൗണിന് ഇന്ന് സമാപനം; മൂന്നാം ഘട്ടം തിങ്കളാഴ്ച മുതല്‍

Posted on: May 3, 2020 8:47 am | Last updated: May 3, 2020 at 10:42 am

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. മൂന്നാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കും. പുതുക്കിയ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് ലോക്ക് ഡൗണ്‍ തുടരുക. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,776 ആയിട്ടുണ്ട്. 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ ഇത്രയും പേര്‍ കൊവിഡ് ബാധിതരാവുന്നത് ഇതാദ്യമാണ്. 1223 പേരാണ് ഇതുവരെ രോഗം പിടിപെട്ട് മരിച്ചത്. രണ്ടാം ഘട്ട ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 11,933 ആയിരുന്നു. ഇത് നിലവില്‍ മൂന്നിരിട്ടിയിലധികമായി വര്‍ധിച്ചിരിക്കുകയാണ്.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗം നിയന്ത്രണാതീതമായി തുടരുന്നത്. രണ്ടാം ഘട്ടം തുടങ്ങിയപ്പോള്‍ കൂടുതല്‍ കേസുകളുണ്ടായിരുന്ന തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ രോഗവ്യാപനം താരതമ്യേന പിടിച്ചു നിറുത്തുന്നുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശുമാണ് ഇപ്പോഴും ഇത് നിയന്ത്രിക്കാനാവാത്ത സംസ്ഥാനങ്ങള്‍.