Connect with us

National

രാജ്യത്ത് ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി; സോൺ തിരിച്ച് നിയന്ത്രണങ്ങൾ തുടരും

Published

|

Last Updated

ന്യൂഡൽഹി | കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി.  നിലവിലെ ലോക് ഡൗൺ അവസാനിക്കുന്ന മെയ് 3 മുതൽ 17 വരെയാണ്  ലോക് ഡൗൺ നീട്ടിയതെന്ന് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുഗതാഗത്തിന് ഏർപെടുത്തിയ വിലക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം, ഗ്രീൻ, ഓറഞ്ച് സോണുകളിൽ ചില ഇളവുകൾ അനുവദിക്കും.

വിമാന യാത്രകൾ, റെയിൽവേ ഗതാഗതം, അന്തർ സംസ്ഥാന യാത്രകൾ തുടങ്ങിയവ അനുവദിക്കില്ല. സ്കൂളുകൾ, കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സ്ഥാപനങ്ങൾ തുടങ്ങിയവ അടഞ്ഞു തന്നെ കിടക്കും. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവയും പ്രവർത്തിക്കില്ല.

രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയിൽ വിഭജനമുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

റെഡ് സോണുകളില്‍ സൈക്കിളുകള്‍, റിക്ഷകള്‍, ഓട്ടോ റിക്ഷകള്‍, ടാക്‌സി, ക്യബുകള്‍, തുടങ്ങിയവ അനുവദിക്കില്ല. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയവയും അടഞ്ഞുകിടക്കും. അതേസമയം അച്ചടി ഇലക്‌ട്രോണിക് മാധ്യമ സ്ഥാപനങ്ങള്‍, ഐടി കമ്പനികള്‍, ഡാറ്റ, കാള്‍ സെന്ററുകള്‍, ശീതികരണ കേന്ദ്രങ്ങള്‍, വേര്‍ഹൗസുകള്‍, സ്വകാര്യ സുരക്ഷാ, മാനേജ്‌മെന്റ് സേവനങ്ങള്‍ തുടങ്ങിയവ റെഡ്‌സോണില്‍ അനുവദിക്കും. മരുന്ന്, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി അവശ്യവസ്തുക്കളുടെ നിര്‍മാണ യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം.

ഓറഞ്ച് സോണുകളില്‍ റെഡ്‌സോണുകളില്‍ അനുവദിച്ച ഇളവുകള്‍ക്ക് പുറമെ ടാക്‌സി, ക്യാബുകള്‍ അനുവദിക്കും. ഇതില്‍ ഒരു ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുണ്ടാവുകയുള്ളൂ. അനുവദിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അന്തര്‍ ജില്ലാ യാത്ര നടത്താം. നാല് ചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാര്‍ക്കു പോകാം. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കും.

ഗ്രീന്‍ സോണുകളില്‍ രാജ്യവ്യാപകമായി നിരോധിക്കപ്പെട്ടവ ഒഴികെ എല്ലാം അനുവദിക്കും. ബസുകള്‍ക്ക് പകുതി സീറ്റുകളില്‍ ആളെ കയറ്റി സര്‍വീസ് നടത്താം. ബസ് ഡിപ്പോകളിലും പകുതി ജീവനക്കാരെ മാത്രമെ അനുവദിക്കൂ.

ചരക്കുനീക്കത്തെ ഒരു കാരണത്താലും തടയരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Latest