ദക്ഷിണ കൊറിയയില്‍ വെയര്‍ ഹൗസിന് തീപിടിച്ച് 38 മരണം

Posted on: April 30, 2020 10:36 pm | Last updated: April 30, 2020 at 10:36 pm

സിയോള്‍ | ദക്ഷിണ കൊറിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വെയര്‍ ഹൗസ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 38 പേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ എട്ടു പേരുടെ നില ഗുരുതരമാണ്.

തലസ്ഥാനമായ സിയോളില്‍ നിന്ന് 80 കിലോമീറ്റര്‍ തെക്കുകിഴക്കുള്ള ഇച്ചിയോണിലാണ് അപകടം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്തിന് തീപിടിക്കുകയും അത് വേഗത്തില്‍ കെടിടത്തിനകത്തേക്ക് പടരുകയുമായിരുന്നു. നിര്‍മ്മാണം നടക്കുന്നതിനാല്‍ നിരവധി പേര്‍ കെട്ടിടത്തിന് അകത്തുണ്ടായിരുന്നു. ഇതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. തീപിടിതത്തെ തുടര്‍ന്ന് കെട്ടിടത്തിനകത്ത് നിന്ന് ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായും ദൃസാക്ഷികള്‍ പറഞ്ഞു.

കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത രാസവസ്തുവില്‍ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് ഇച്ചിയോണിലെ അഗ്‌നിശമന സേന കമാന്‍ഡര്‍ സു സിയൂംഗ്ഹ്യൂണ്‍ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.