Connect with us

Kerala

കൊവിഡ് മരണം: അമേരിക്കൻ മലയാളികൾ ഭയപ്പാടിൽ

Published

|

Last Updated

കോഴിക്കോട് | കൊവിഡ്19 ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നത് കേരളത്തിലെ ബന്ധുജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു. വിവിധ വിദേശ രാജ്യങ്ങളിലായി 58 മലയാളികളാണ് ഇതുവരെ മരിച്ചത്. ഏപ്രിൽ 26 വരെയുള്ള കണക്കാണിത്.

അമേരിക്കയിൽ മാത്രം 24 മലയാളികൾ മരിച്ചു. യു എ ഇ-18, ബ്രിട്ടൻ- എഴ്, സഊദി- മൂന്ന്, മറ്റു രാജ്യങ്ങൾ-6 എന്നിങ്ങനെയാണ് മരണ നിരക്ക്. വിദേശങ്ങളിൽ നിന്ന് ദിനം പ്രതി മലയാളികളുടെ മരണവാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് നിരവധി കുടുംബങ്ങളെയാണ് ഭയപ്പാടിലാക്കുന്നത്.
മലയാളികൾ ഏറ്റവും ആശങ്കയോടെ കഴിയുന്നത് അമേരിക്കയിലാണ്. 60ന് മേൽ പ്രായമുള്ളവരാണ് കടുത്ത ആശങ്കയിൽ കഴിയുന്നത്. അമേരിക്കയിൽ പ്രായക്കൂടുതലുള്ളവരുടെ ചികിത്സാ കാര്യത്തിൽ രാജ്യം ഒട്ടും ജാഗ്രത പുലർത്തുന്നില്ല എന്നതാണ് ഏറെ ആശങ്ക സൃഷ്ടിക്കുന്നതെന്ന് അമേരിക്കൻ മലയാളികളുടെ കുടുംബങ്ങൾ പറയുന്നു. ലോകത്ത് ഏറ്റവും ഗുരുതരമായ രോഗാവസ്ഥ ഇപ്പോൾ നിലനിൽക്കുന്നത് അമേരിക്കയിലാണ് എന്നത് ആശങ്കയുടെ ആഴം വർധിപ്പിക്കുന്നു.
ഇവിടെ 33 കോടി ജനസംഖ്യയിൽ 95 ശതമാനത്തിലധികവും വീട്ടിൽ കഴിയുകയാണ്. ജലദോഷ പനി വന്ന് വർഷം തോറും അമേരിക്കയിൽ പതിനായിരങ്ങൾ മരിക്കാറുണ്ടെന്നും കൊവിഡിനെ കാര്യമാക്കേണ്ടെന്നും ആയിരുന്നു ആദ്യം അമേരിക്കൻ നിലപാട്. ഇതു വിശ്വസിച്ചവരാണ് അവിടെ കഴിയുന്ന മലയാളികൾ ഏറെയും. എന്നാൽ ഇപ്പോൾ, ജനങ്ങളുടെ മരണം രാജ്യത്തിന് ഒരു പ്രശ്‌നമല്ല എന്ന നിലയിലുള്ള ഭരണകൂടത്തിന്റെ പ്രതികരണം മലയാളികളെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്വന്തം പൗരന്മാരുടെ കാര്യത്തിൽ അർഹമായ ജാഗ്രത കാണിക്കാത്ത ഭരണകൂടം പ്രവാസികളുടെ കാര്യത്തിൽ എങ്ങനെ പ്രതികരിക്കുമെന്നതാണ് ഏറെ ഭീതി വിതക്കുന്നത്.

കൊവിഡ് പ്രതിരോധത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ വ്യവസായ മേഖലകളെല്ലാം തുറന്നു പ്രവർത്തിപ്പിക്കാനുള്ള നീക്കം, സർക്കാർ മനുഷ്യജീവന് വില കൽപ്പിക്കുന്നില്ലെന്ന തോന്നലാണ് അമേരിക്കൻ മലയാളികളിൽ സൃഷ്ടിച്ചത്. വയോജനങ്ങൾക്ക് വ്യാപകമായി ചികിത്സ നിഷേധിക്കപ്പെടുകയാണ്. വയോജനങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട് യുവജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധയൂന്നാനാണ് ശ്രമം എന്നാണ് വിവരം. അമേരിക്കയിൽ ആകെ മരിച്ചവരിൽ 47.70 ശതമാനം 75 വയസ്സിന് മുകളിലുള്ളവരാണെന്ന് കണക്കുകൾ പറയുന്നു. ഏറ്റവും സമ്പന്ന സ്റ്റേറ്റായ ന്യൂയോർക്കിലാണ് ഏറ്റവുമേറെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ 2,62,268 പേർ രോഗബാധിതരാണ്. നിരവധി മലയാളികൾ അധിവസിക്കുന്ന പ്രദേശമാണിത്. ന്യൂയോർക്കിൽ ആദ്യ രോഗിയെ തിരിച്ചറിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 4,800 കടന്നു. കേരളത്തിൽ ആദ്യത്തെ കൊവിഡ് റിപ്പോർട്ട് ചെയ്ത് രണ്ട് മാസം പിന്നിട്ടപ്പോൾ രോഗികളുടെ എണ്ണം 158 ആയിരുന്നു.
ഇപ്പോൾ പ്രവാസികളുടെ തിരിച്ചുവരവിന് കേരളം സജ്ജീകരണമൊരുക്കുന്നത് ഗൾഫ് പ്രവാസികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വീഡിയോ കോൺഫറൻസ് വഴി ചർച്ച ചെയ്തത് ഷാർജ, യു എ ഇ, ഒമാൻ, ബഹ്‌റൈൻ, സഊദി, കുവൈത്ത്, ഖത്വർ, മസ്‌കത്ത്, സലാല എന്നിവിടങ്ങളിലുള്ള പ്രവാസി പ്രതിനിധികളുമായാണ്. ഇവിടെ നിന്നുള്ള പ്രവാസികൾ തിരിച്ചെത്തുമ്പോൾ വിപുലമായ സൗകര്യങ്ങൾ കേരളം സജ്ജമാക്കും.

ഗൾഫ് രാജ്യങ്ങളിൽ ലേബർ ക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾ, വിസിറ്റിംഗ് വിസാ കാലാവധി കഴിഞ്ഞവർ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ ഉള്ളവർ, വിസാ കാലാവധി കഴിഞ്ഞവർ, കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥി വിസയിൽ കഴിയുന്നവർ, ജയിൽ മോചിതർ എന്നിവർക്കു മുൻഗണന നൽകി തിരികെ കൊണ്ടുവരാനാണ് കേരളം ആലോചിക്കുന്നത്.
മുൻഗണനാ ക്രമങ്ങൾ നിശ്ചയിക്കുന്നതിന് നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ടിക്കറ്റെടുക്കൽ, വിമാനത്താവളത്തിലെ പരിശോധന, ക്വാറന്റൈൻ സൗകര്യം, വീട്ടിൽ ഒരുക്കേണ്ട സൗകര്യം എന്നീ കാര്യങ്ങളിൽ സഹായിക്കാനാണ് രജിസ്‌ട്രേഷൻ ഉപകരിക്കുക.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest