Connect with us

Covid19

കോട്ടയത്ത് കടുത്ത നിയന്ത്രണം; മൂന്ന് ദിവസത്തക്ക് അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി

Published

|

Last Updated

കോട്ടയം | ഗ്രീന്‍സോണിലായിരുന്ന കോട്ടയത്ത് ആറ് ദിവസത്തിനുള്ളില്‍ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളുള്ള ജില്ലയായി മാറി. കൊവിഡിന് പിന്നില്‍ കണ്ണൂരിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ജില്ല ഇപ്പോള്‍ റെഡ്‌സോണിലാണ്. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ അടക്കം ഏര്‍പ്പെടുത്തും. ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
ജില്ലയിലെ ഏഴ് പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ ഏഴ് വാര്‍ഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തനാനുമതി. ഹോട്ട്‌സ്‌പോട്ട് കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം ഊര്‍ജിതമാക്കി.

അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്പ്, പനച്ചിക്കാട്, വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ ഏഴ് വാര്‍ഡുകളും തീവ്രബാധിത മേഖലയായി. ഇതിനു പുറമെ തലയോലപ്പറമ്പ് പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കൂടി തീവ്ര ബാധിത മേഖലയില്‍ ഉള്‍പ്പെടുത്തി. ചങ്ങനാശേരി നഗരസഭയുടെ മുപ്പത്തിമൂന്നാം വാര്‍ഡും തീവ്രബാധിത മേഖലയിലാണ്. സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാന്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍നിന്നായി ദിവസവും ഇരുനൂറിലധികം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും.

കോട്ടയത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ മെഡിക്കല്‍ ടീമിനെ അയക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള പരിശോധനാഫലങ്ങള്‍ വൈകുന്നതായും ആക്ഷേപമുണ്ട്. 19 ദിവസത്തിന് ശേഷം കഴിഞ്ഞ 22 നാണ് കോട്ടയത്ത് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ അടുത്ത അഞ്ച് ദിവസം കൊണ്ട് രോഗികളുടെ എണ്ണം 17 ആയി. ഇതില്‍ തന്നെ നിരീക്ഷണത്തില്‍ അല്ലാതിരുന്നവര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. കോട്ടയം മാര്‍ക്കറ്റില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിക്ക് ഉള്‍പ്പെടെ എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനും ആയിട്ടില്ല. ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണ്.

 

Latest