Connect with us

Articles

കരളുറപ്പിന്റെ കേരള മാതൃക

Published

|

Last Updated

കൊവിഡ് 19നെ അതിജീവിക്കുന്നതിനും തുടര്‍വ്യാപന സാധ്യത തടയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ലോകത്തിനു തന്നെ മാതൃകയാകുകയാണ് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമായ കേരളം.

ദേശവ്യാപകമായി ഇന്ത്യന്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മാര്‍ച്ച് 23 മുതല്‍ 31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിട്ട് കേരളം രാജ്യത്തിനു തന്നെ വഴികാട്ടി. അടുത്ത മാസം മൂന്ന് വരെയാണ് ഈ നിയന്ത്രണങ്ങള്‍ തുടരുക. കൊറോണ പൂര്‍ണമായും തുടച്ചുനീക്കപ്പെടുന്നത് വരെ, ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണമായും നിശ്ചലമാകുകയും പൊതു അത്യാവശ്യ സംവിധാനങ്ങള്‍ ഭാഗികമായി മാത്രം തുറക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി തുടരുകയാണ്.
കേരളത്തിലെ ആരോഗ്യ മേഖല പൊതുവിദ്യാഭ്യാസം പോലെ തന്നെ ലോകപ്രശസ്തമാണ്. അതിനാല്‍ കൊറോണ മഹാമാരിയുടെ വ്യാപന സാധ്യതയെ നേരിടുന്നതിനായി തുടക്കത്തില്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി അതിവിപുലമായ ആരോഗ്യ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും പൊതു ആരോഗ്യ ചികിത്സാ കേന്ദ്രങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ രോഗബാധിതരായ നിരവധിപേര്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിച്ചുവെന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുന്ന സാഹചര്യമൊരുക്കാന്‍ കഴിഞ്ഞുവെന്നതും ആശ്വാസകരമാണ്. സ്വകാര്യ മേഖലകളെ കൂടുതല്‍ ആശ്രയിക്കാതെ പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രമാണ് ഇതിന് വേണ്ടി ഉപയോഗപ്പെടുത്തിയത്. ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ജനുവരിയില്‍ ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മൂന്ന് വിദ്യാര്‍ഥികളിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്. കൊവിഡ് മൂലം ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത് ആകെ നാല് പേര്‍ മാത്രമാണ്. 1,39,725 പേരെ തീവ്രനിരീക്ഷണത്തില്‍ വെക്കുകയും 749 പേരെ ആശുപത്രികളില്‍ ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു. മാര്‍ച്ച് 15ന് കേരളം ബ്രേക്ക് ദ ചെയിന്‍ എന്ന പുതിയ ക്യാമ്പയിനിന് തുടക്കം കുറിച്ചു. വ്യക്തിപരവും സാമൂഹികവുമായ ശുചിത്വത്തെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഇതിലൂടെ പ്രധാനമായും ലക്ഷ്യം വെച്ചത്. ഇതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളുടെ കവാടങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ കൈകഴുകാനുള്ള വാട്ടര്‍ ടാപ്പുകളും സാനിറ്റൈസറുകളും മറ്റും സംവിധാനിച്ചു. 35 മില്യണ്‍ ജനസംഖ്യയുള്ള കേരളത്തില്‍ 8.75 മില്യണ്‍ കുടുംബങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലയളവില്‍ സൗജന്യമായി 15 കിലോ അരിയും മറ്റു ഭക്ഷ്യവിഭവങ്ങളും സര്‍ക്കാര്‍ വിതരണം ചെയ്തു. വൈറസ് ബാധിത മേഖലകളില്‍ നിന്ന് മടങ്ങി വരുന്നവര്‍ക്ക് 28 ദിവസം വീടുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. ഇവരിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ അവിടെ എത്തുന്ന സ്ഥിതിയുണ്ടാക്കി. ആവശ്യമെങ്കില്‍ അവരെ ആശുപത്രികളിലേക്ക് മാറ്റാന്‍ പര്യാപ്തമായ വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിക്കുന്ന ആദ്യത്തെ സംസ്ഥാനമെന്ന സല്‍പ്പേര് കേരളം നേടിയെടുത്തു.

ലോക്ക്ഡൗണ്‍ കാലാവധി തീരുന്നതോടെ യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലകളില്‍ നിന്നും ലോകത്തിന്റെ മറ്റു സ്ഥലങ്ങളില്‍ നിന്നും മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് വേണ്ട പൂര്‍ണ തയ്യാറെടുപ്പുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ അവരെ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനുമുള്ള ക്രമീകരണങ്ങള്‍ ഇവിടെ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ചികിത്സാ സംവിധാനങ്ങളാണ് കേരളത്തിലൊരുക്കിയിട്ടുള്ളത്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഡോക്ടര്‍മാരടക്കം ആരോഗ്യ രംഗത്തെ ഒരു ജീവനക്കാരനും അവധിയില്‍ പോകരുതെന്ന് സര്‍ക്കാര്‍ കര്‍ശനമായി പറഞ്ഞു. സുരക്ഷിതത്വം കണക്കിലെടുത്ത് കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളെ മാത്രമേ ആശ്രയിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങള്‍ സര്‍ക്കാരിന് വിട്ടു നല്‍കണമെന്ന അഭ്യര്‍ഥന ബന്ധപ്പെട്ടവര്‍ ശിരസ്സാവഹിച്ചു.

3.5 കോടി ജനങ്ങളുള്ള കേരളത്തില്‍ ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 3,199 ഡോക്ടര്‍മാരും 4,568 നഴ്സുമാരും ഇതര മെഡിക്കല്‍ സ്റ്റാഫുകളും ജോലി ചെയ്യുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 41,494 സ്റ്റാഫുകളുള്ള 1,232 മറ്റു സര്‍ക്കാര്‍ ആശുപത്രികള്‍ വേറെയുമുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ ജീവനക്കാര്‍, മാനേജര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങി, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും ജീവനക്കാരും ഇതിനു പുറമെയാണ്. സര്‍ക്കാര്‍ ചികിത്സാ സംവിധാനത്തിലെ ഭദ്രത സ്വകാര്യ മെഡിക്കല്‍ മേഖലയെയും പുഷ്ടിപ്പെടാന്‍ സഹായിച്ചു എന്നതാണ് യാഥാര്‍ഥ്യം. ആരോഗ്യ രംഗത്തെ ഈ സന്തുലിതത്വമാണ് കൊറോണ കാലത്ത് കേരളത്തിന് തുണയായത്.

കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അക്ഷരാര്‍ഥത്തില്‍ കേരളത്തില്‍ പാലിക്കപ്പെട്ടു. അതില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിച്ചില്ല. ഒരു സ്ഥലത്ത് അഞ്ചിലേറെ പേര്‍ ഒരുമിച്ചു കൂടുന്നത് തടഞ്ഞു. എല്ലാ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തി പത്രസമ്മേളനം നടത്തി കൊറോണ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. ഇതിലൂടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്ന തെറ്റായ വിവരങ്ങളും മറ്റും ഫലപ്രദമായി തടയാന്‍ സാധിച്ചു. ജനങ്ങള്‍ക്ക് ഇതു നല്‍കിയ സമാശ്വാസം വിവരണാതീതമാണ്. ജനങ്ങളുടെ സാമ്പത്തിക പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ബുദ്ധിമുട്ട് നേരിടുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും കഴിയുന്ന സാമ്പത്തിക സഹായം നല്‍കി. എല്ലാ നികുതി പിരിവുകളും തത്കാലം നിര്‍ത്തിവെച്ചു. ലോണ്‍ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയിട്ടുള്ള അതിഥി തൊഴിലാളികള്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ സംവിധാനമൊരുക്കി. കേരളം സമഗ്രമായും സമ്പൂര്‍ണമായുമാണ് കൊവിഡ് പ്രതിരോധ വെല്ലുവിളികളെ അഭിമുഖീകരിച്ചത്.

---- facebook comment plugin here -----

Latest