Connect with us

Covid19

നാട്ടിലേക്ക് മടങ്ങിയെത്താം; പ്രവാസികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍

Published

|

Last Updated

തിരുവനന്തപുരം | വിദേശങ്ങളില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കുമെന്ന് നോര്‍ക്ക അറിയിച്ചു. നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഇതിനുള്ള ലിങ്ക് ഇന്ന് തന്നെ പ്രയോഗത്തില്‍ വരും. അടുത്തമാസം മുതലാണ് മുന്‍ഗണനാ ക്രമത്തില്‍ പ്രവാസികളെ എത്തിക്കുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാവില്ല. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുക. അതുകൊണ്ടു തന്നെ രജിസ്‌ട്രേഷന് പ്രവാസികള്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും നോര്‍ക്ക വ്യക്തമാക്കി. പ്രവാസികളെ സ്വീകരിക്കാന്‍ കേരളം എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിയവരെ പ്രത്യേക വിമാനങ്ങളില്‍ മടക്കിക്കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. അവരവരുടെ വീടിന് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലായിരിക്കും ഇവരെ എത്തിക്കുക. കൊവിഡ് നിരീക്ഷണത്തിനു ശേഷമായിരിക്കും വീടുകളിലേക്കയക്കുക.
പ്രവാസികളെ തിരിച്ചെത്തിക്കുന്ന നടപടിയുടെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സന്ദര്‍ശക വിസയില്‍ പോയി വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരുടെ കണക്ക് വിദേശകാര്യ മന്ത്രാലയം ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഗൗബയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.