Connect with us

Gulf

കേന്ദ്രം വിലക്ക് നീക്കി; വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി

Published

|

Last Updated

ദുബെെ/ന്യൂഡൽഹി | അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കേന്ദ്രം വീണ്ടും അനുമതി നല്‍കി. ഇതോടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ഒഴികെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുണ്ടായ തടസ്സം നീങ്ങി. ഇനി കാര്‍ഗോ വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകും. ശനിയാഴ്ച വൈകീട്ടാണ് കേന്ദ്രം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കഴിഞ്ഞ നാല് ദിവസമായി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകാതെ പ്രതിസന്ധിയിലായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന് ലഭിച്ച വാക്കാലുള്ള ഉത്തരവാണ് മൃതദേഹം കൊണ്ടുവരുന്നതിന് തടസ്സമായിരുന്നത്.

ഇതോടെ ചില മൃതദേഹങ്ങള്‍ നാട്ടില്‍ ഇറക്കാനാവാതെ ഗള്‍ഫിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകേണ്ട സ്ഥിതിയുണ്ടായി. പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ വിവാദ ഉത്തരവ് പിന്‍വലിച്ച് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാമെന്ന് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നും യാത്രാ വിമാന സര്‍വീസ് നിര്‍ത്തലാക്കിയതിനു ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനങ്ങള്‍ വഴി നാട്ടിലേക്ക് എത്തിച്ചിരുന്നു. ഇതാണ് കേന്ദ്രം കഴിഞ്ഞ ദിവസം വിലക്കിയിരുന്നത്.

---- facebook comment plugin here -----

Latest