Connect with us

Ramzan

കാരുണ്യത്തിന്റെ പത്തിലൂടെ...

Published

|

Last Updated

ഏഴ് വയസ്സുകാരൻ ജ്യേഷ്ഠനും നാല് വയസ്സുകാരൻ കൊച്ചനുജനും കളിക്കുന്നതിനിടെ അനുജൻ കാണിച്ച കുസൃതിയുടെ പേരിൽ തമ്മിൽ കലഹമുണ്ടായി. കലഹം മൂർഛിച്ചു. ജ്യേഷ്ഠന്റെ അടുത്ത് നിന്ന് രണ്ട് കിട്ടുമെന്നായപ്പോൾ അനിയൻ ഉമ്മയുടെ അടുത്തേക്ക് കരഞ്ഞ് കൊണ്ടോടിച്ചെന്നു. ഇക്കാക്ക അടിക്കുന്ന എന്നൊരു പരാതിയുമായി രക്ഷപ്പെടുത്താനൊരു അപേക്ഷ. ഉമ്മ ഇക്കാക്കയെ വഴക്ക് പറഞ്ഞ് അനിയനെ രക്ഷപ്പെടുത്തി. ഉമ്മയുടെ കാരുണ്യമാണ് പ്രതിയായ അനിയനെ വെറുതെ വിട്ടത്.

റമസാൻ കാരുണ്യത്തിന്റെ പത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സൃഷ്ടികൾ സ്രഷ്ടാവിന്റെ കാരുണ്യത്തിനായി കേഴുകയാണ്. അല്ലാഹു കരുണ കൂടാതെ സൃഷ്ടിക്ക് അവന്റെ കോടതിയിൽ രക്ഷപ്പെടുക അസാധ്യമായിരിക്കും. എന്തിനാണ് ഇങ്ങനെ പത്ത് ദിവസങ്ങൾ നൽകിയിരിക്കുന്നത്.
റമസാൻ പുണ്യങ്ങളുടെ പൂക്കാലമാണ്. പാപമോക്ഷവും നരക മോചനും റമസാനിലുണ്ട്. വിശ്വാസിക്ക് ഈ നേട്ടങ്ങൾ ലഭിക്കണമെങ്കിൽ അല്ലാഹു കനിയുക തന്നെ വേണം. അതുകൊണ്ടാണ് ആദ്യത്തെ പത്തിൽ അല്ലാഹുമ്മർഹംനീ യാ അർഹമ റാഹിമീൻ (കരുണ ചെയ്യുന്നവനേ നീ എനിക്ക് കരുണ ചെയ്യണേ ) എന്ന പ്രാർഥന അധികരിപ്പിക്കാൻ വിശാസികളോട് കൽപ്പിക്കപ്പെട്ടത്. അല്ലാഹുവിൽ നിന്നുള്ള കരുണ കൂടാതെ ഒരാൾക്കും രക്ഷപ്പെടുക സാധ്യമല്ല.

അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: നബി(സ) പറഞ്ഞു: നിങ്ങളിൽ ആരെയും അവരവരുടെ കർമങ്ങൾ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയില്ല. അനുചരൻമാർ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ നിങ്ങളും അങ്ങനെത്തന്നെയാണോ? നബി തങ്ങൾ പറഞ്ഞു: അതേ, അല്ലാഹുവിന്റെ ഔദാര്യവും കരുണയും കൊണ്ടല്ലാതെ ഞാനും സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (അഹ്‍മദ്)
ഭൂമിയിൽ വസിക്കുന്നതിനാവശ്യമായ വായു, വെള്ളം, വെളിച്ചം അധ്വാനിക്കുന്നതിന് ആരോഗ്യവും അവയവങ്ങളും കാര്യങ്ങൾ അറിയുന്നതിന് പഞ്ചേന്ദ്രിയങ്ങളും അല്ലാഹു മനുഷ്യന് നൽകി. എണ്ണിയാലൊടുങ്ങാത്ത അനുഗ്രങ്ങളാണ് സ്രഷ്ടാവ് ഭൗമലോകത്തൊരുക്കി വെച്ചിരിക്കുന്നത്. ഇത്രയെല്ലാം അനുഗ്രങ്ങൾ ചെയ്തിട്ടും അല്ലാഹുവിനനെ ധിക്കരിച്ച് ജീവിക്കുന്നവർ നിരവധിയാണ്. അനുഗ്രഹം ചെയ്തവന് നന്ദി ചെയ്യൽ നിർബന്ധമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ അനുഗ്രഹങ്ങൾക്കെല്ലാം പ്രത്യുപകരമായി അഞ്ച് നിസ്‌കാരം, സകാത്ത്, ഹജ്ജ്, ഖുർആൻ പാരായണം തുടങ്ങിയ കർമങ്ങളിലൂടെ അല്ലാഹുവിനെ ആരാധിക്കണമെന്ന് സൃഷ്ടികളോട് കൽപ്പിക്കപ്പെട്ടു. പക്ഷേ അറിഞ്ഞും അറിയാതെയും ഈ കൽപ്പനകൾക്ക് വിരുദ്ധമായി നിരവധി പ്രവർത്തനങ്ങൾ എല്ലാവരിലും സംഭവിക്കുന്നു. ഇവിടെ രക്ഷപ്പെടാൻ അല്ലാഹുവിന്റെ കരുണ തേടുകയല്ലാതെ മറ്റുമാർഗമില്ല. പാപമോചനത്തിന്റെ റമസാൻ മാസത്തിൽ ചെയ്തുകൂട്ടിയ തെറ്റുകൾക്ക് മോക്ഷം ലഭിക്കണമെങ്കിൽ കാരുണ്യം അനിവാര്യമാണ്. അത് ചോദിക്കുന്നവർക്ക് അല്ലാഹു നൽകുകയും ചെയ്യും.

നബി(സ)പറഞ്ഞു: അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറിൽ ഒരു ഭാഗം മാത്രമാണ് മനുഷ്യൻ ഉൾെപ്പടെയുള്ള എല്ലാ ജീവികളിലുമായി അവൻ നൽകിയിരിക്കുന്നത്. എല്ലാവരും പരസ്പരം ദയയും കാരുണ്യവും കാണിക്കുന്നതും ദുഷ്ട ജന്തുക്കൾ വരെ അവയുടെ കുട്ടികളോട് ദയ കാണിക്കുന്നതും അതുകൊണ്ടാണ്. ബാക്കി തൊണ്ണൂറ്റി ഒമ്പത് ഭാഗവും തന്റെ അടിമകൾക്കിടയിൽ കരുണ ചെയ്യാനായി അവൻ ഖിയാമത്തു നാളിലേക്ക് മാറ്റി വെച്ചിരിക്കുകയാണ് (മുസ്‌ലിം).

അനസ് സഖാഫി ക്ലാരി

സബ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest