Connect with us

Editorial

മൊബൈല്‍ സിന്‍ഡ്രോം പടര്‍ത്തുമോ ലോക്ക്ഡൗണ്‍?

Published

|

Last Updated

കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും പ്രവാസികളുടെ ഭാവിയുമൊക്കെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ് അധികൃതരും മാധ്യമങ്ങളും സാമൂഹിക നായകരും. ഇതോടൊപ്പം തന്നെ ഗൗരവപൂര്‍വം പരിഗണിക്കേണ്ട വിഷയമാണ് ലോക്ക്ഡൗണ്‍ ജീവിതം സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍. ബലാത്സംഗം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലും വാഹന അപകടങ്ങളിലും ഗണ്യമായ കുറവ്, വായു, ജല ശുദ്ധീകരണം തുടങ്ങി നിരവധി ഗുണകരമായ മാറ്റങ്ങള്‍ ലോക്ക്ഡൗണ്‍ നാളുകളിലുണ്ടായതായി അധികൃത കേന്ദ്രങ്ങള്‍ പറയുന്നു. അതേസമയം, മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ സമൂഹത്തില്‍ വന്‍തോതില്‍ വര്‍ധിക്കാനും ലോക്ക്ഡൗണ്‍ ജീവിതം ഇടയാക്കിയിട്ടുണ്ട്. 24 മണിക്കൂറും വീട്ടില്‍ ചടഞ്ഞിരിക്കുമ്പോള്‍ വിരസത മാറ്റാന്‍ എന്തെങ്കിലും മാര്‍ഗം വേണം. നന്നേചുരുക്കം ചിലര്‍ പച്ചക്കറി കൃഷി ചെയ്തും പ്രത്യുത്പാദനപരമായ മറ്റു ജോലികളില്‍ മുഴുകിയും സമയത്തെ ഗുണപരമായി വിനിയോഗിക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷമാളുകളും മൊബൈല്‍ ഉപയോഗിച്ചാണ് സമയം തള്ളിനീക്കുന്നത്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെയും സൂം, ഐ എം ഒ, ഗൂഗിള്‍ ഡ്യൂ തുടങ്ങിയ ആപ്പുകളുടെയും ഉപയോഗം ഈ കാലയളവില്‍ കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. നേരത്തേ ഫോണ്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ മിക്കസമയവും സ്മാര്‍ട്ട് ഫോണില്‍ മുഖം പൂഴ്ത്തിയിരിക്കുകയാണ്. ഉറക്കം പോലും മാറ്റിവെച്ചാണ് ഇവര്‍ സോഷ്യല്‍ മീഡിയകളിലും വിവിധ ആപ്പുകളിലുമായി സമയം ചെലവഴിക്കുന്നത്.

ഫോണ്‍ ഉപയോഗം ഒരുതരം ലഹരിയാണ്. ശീലിച്ചു കഴിഞ്ഞാല്‍ ലോക്ക്ഡൗണ്‍ നാളുകള്‍ക്ക് ശേഷവും ഇത് തുടരാനാണ് സാധ്യത. ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇതിടയാക്കും. കണ്ണിന്റെയും ചെവിയുടെയും കഴുത്തിന്റെയും പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. ഫോണിലേക്ക് മണിക്കൂറുകള്‍ കുനിഞ്ഞിരിക്കുന്നതാണ് കഴുത്തിനെ കുഴപ്പിത്തിലാക്കുന്നത്. മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നവരില്‍ വരള്‍ച്ചാ രോഗം (ഡ്രൈ ഐ സിന്‍ഡ്രോം) ബാധിക്കാനിടയുണ്ടെന്നു ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കണ്ണുനീര്‍ ഗ്രന്ഥികള്‍ വറ്റിപ്പോകുന്ന അവസ്ഥയാണ് ഇത്. കണ്ണിന്റെ സ്വാഭാവികമായ പ്രവര്‍ത്തനത്തിന് അല്‍പ്പം ഈര്‍പ്പം ആവശ്യമാണ്. ഒരു മിനുട്ടില്‍ 16 തവണയാണ് ഒരാള്‍ കണ്ണുചിമ്മുന്നത്. തുടര്‍ച്ചയായ ഫോണിന്റെ ഉപയോഗത്തിനിടെ ഇത് എട്ടില്‍ താഴെയാകും. ഇത് കണ്ണുനീര്‍ വറ്റാന്‍ ഇടയാക്കുന്നു. ശക്തമായ തലവേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവയാണ് അനന്തര ഫലം. ക്രമേണ കണ്ണുനീര്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം താറുമാറാകും.
കൗമാരപ്രായക്കാരിലും കുട്ടികളിലും നല്ലൊരു വിഭാഗം നേരത്തേ തന്നെ മൊബൈലിന്റെ അടിമകളാണ്.

ലോക്ക്ഡൗണ്‍ അവരുടെ എണ്ണത്തിലും വര്‍ധന സൃഷ്ടിച്ചിട്ടുണ്ട്. നന്നേ ഇളംപ്രായം തൊട്ടേ തുടങ്ങുന്നു ഇന്ന് കുട്ടികളും മൊബൈല്‍ ഫോണുമായുള്ള ബന്ധം. ശിശുക്കള്‍ വാശിപിടിച്ചു കരയുമ്പോഴും ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുമ്പോഴും വഴിക്കുവരുത്താന്‍ രക്ഷാകര്‍ത്താക്കള്‍ പ്രയോഗിക്കുന്ന എളുപ്പ വിദ്യ മൊബൈലില്‍ പാട്ടോ, കാര്‍ട്ടൂണോ വെച്ചുകൊടുത്ത് കുട്ടികളുടെ കൈയില്‍ കൊടുക്കലാണ്. ഇവിടെ നിന്ന് തുടങ്ങുന്നു കുട്ടികളുടെ മൊബൈലുമായുള്ള ബന്ധം. പിന്നീട് അതുമായി വേര്‍പിരിഞ്ഞുള്ള ജീവിതമില്ല അവര്‍ക്ക്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചും മരത്തില്‍ കയറിയും പൂമ്പാറ്റകളെ പിടിച്ചും നടന്നിരുന്ന പഴയ ബാല്യകാലത്തിനു പകരം ഒറ്റക്കിരുന്നു മൊബൈലില്‍ സംസാരിക്കുകയും ചാറ്റിംഗ് നടത്തുകയും വീഡിയോകളും ഓഡിയോകളും കണ്ടാസ്വദിക്കുകയും ചെയ്യുന്ന ബാല്യങ്ങളാണിപ്പോള്‍ എവിടെയും.

മൊബൈല്‍ വഴി അപകടകാരികളായ പല ഗെയിമുകള്‍ക്കും പിന്നാലെ പോകുന്നുമുണ്ട് ഇന്ന് ബാല്യങ്ങള്‍. ഇത് കുട്ടികളില്‍ ആത്മവിശ്വാസക്കുറവ്, വിഷാദ രോഗം, സാമൂഹികമായ ഒറ്റപ്പെടല്‍, ഏകാഗ്രതക്കുറവ,് പഠന വൈകല്യം, സ്വഭാവ ദൂഷ്യം തുടങ്ങിയവക്ക് കാരണമാകുന്നതായി മനഃശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തിന്റെ സ്വാഭാവിക നിലയെ തന്നെ തകരാറിലാക്കും മൊബൈലിന്റെ അമിതോപയോഗം. മൊബൈല്‍ ഫോണില്‍ നിന്ന് തലച്ചോറിലേക്ക് റേഡിയേഷന്‍ ഏല്‍ക്കാനുള്ള സാധ്യത കുട്ടികളില്‍ കൂടുതലാണ്. ഇലക്ട്രോ മാഗ്‌നറ്റിക് തരംഗങ്ങളും കടുത്ത നിറങ്ങളുമെല്ലാം അവരുടെ കാഴ്ചയെ സാരമായി ബാധിക്കും. കുട്ടികളില്‍ കണ്ണടയുടെ ഉപയോഗം അധികരിക്കുന്നതിന്റെ കാരണം വലിയൊരളവോളം ഇതാണ്. ശരിതെറ്റുകള്‍ തിരിച്ചറിയാനാകാത്ത പ്രായത്തില്‍ കുട്ടികള്‍ വീഡിയോ ഗെയിമില്‍ കാണുന്ന പലതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചേക്കാം. വഴക്കുണ്ടാകുമ്പോള്‍ കൂട്ടുകാര്‍ക്ക് നേരെ ആധുധം പ്രയോഗിക്കുന്ന പ്രവണത കൗമാരക്കാരില്‍ വര്‍ധിച്ചു വരുന്നതില്‍ വീഡിയോ ഗെയിമുകള്‍ക്ക് നല്ലൊരു പങ്കുണ്ട്. പുകവലി, മദ്യപാനം, ലഹരിമരുന്ന് അഡിക്ഷന്‍ എന്നിവ ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് മൊബൈല്‍ അഡിക്ഷന്‍ ചികിത്സിക്കാനെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഇന്റര്‍നാഷനല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസില്‍ അഡിക്ഷനുകളോടൊപ്പം സ്ഥാനം പിടിച്ച പുതിയ രോഗമായാണ് ഗെയിമിംഗ് ഡിസോഡറിനെ എണ്ണുന്നത്.

“ഇലക്ട്രോണിക് കൊക്കെയ്ന്‍” എന്നാണ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ചൈനീസ് ഗവേഷകര്‍ “ഡിജിറ്റല്‍ ഹെറോയിന്‍, ഡിജിറ്റല്‍ ഡ്രഗ്” എന്നും വിളിക്കുന്നു. മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെ ഉള്ളതു കൊണ്ട് കുട്ടിക്ക് ഈ “ഹെറോയിന്‍” ലഭിക്കാന്‍ പുറത്തു പോകേണ്ടതുമില്ല.
സിംഗപ്പൂരില്‍ “മൊബൈല്‍ ഫോണ്‍ സിന്‍ഡ്രോം” എന്ന പുതിയ തരം മനോവിഭ്രാന്തി പടരുന്നതായി അടുത്തിടെ “സിന്‍ ചു” ദിനപ്പത്രം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ബെല്ലടിക്കാത്ത അവസരത്തിലും ബെല്ലടിക്കുന്നുണ്ടോ, മിസ്ഡ് കോള്‍ ഉണ്ടോ, മെസേജ് വന്നിട്ടുണ്ടോ എന്നിങ്ങനെയുള്ള തോന്നലുകളാണ് രോഗലക്ഷണം. മൊബൈല്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നവരും പരിശോധിക്കുന്നവരുമാണ് ഈ രോഗത്തിനടിപ്പെടുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കേരളീയരിലും ഈ രോഗം പടര്‍ന്നു പിടിക്കുമോ എന്നാശങ്കിക്കേണ്ടതുണ്ട്.

Latest