Connect with us

Covid19

കൊവിഡ്: സഊദിയില്‍ ഏഴ് മരണംകൂടി; 1,158 പേര്‍ക്ക് രോഗബാധ

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേര്‍ കൂടി മരിച്ചു. 1,158 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മരിച്ചവരില്‍ ആറു പേര്‍ വിദേശികളും ഒരാള്‍ സ്വദേശി വനിതയുമാണ്. നാലുപേര്‍ മക്കയിലും മൂന്നുപേര്‍ ജിദ്ദയിലുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 121 ആയി. മരിച്ചവരില്‍ രണ്ട് മലയാളികളടക്കം പതിനൊന്ന് ഇന്ത്യക്കാരുണ്ടെന്ന് സഊദിയിലെ ഇന്ത്യ സ്ഥാനപതി കാര്യാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണവും സഊദി അറേബ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,158 പേര്‍ക്കു കൂടി രോഗം കണ്ടെത്തിയതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 13,930 ആയി വര്‍ധിച്ചിട്ടുണ്ട്. രോഗ ബാധിതരില്‍ നില ഗുരുതരമായ 93 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 113 പേര്‍ക്ക് അസുഖം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1925 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ഫീല്‍ഡ് പരിശോധന കഴിഞ്ഞ ഒരാഴ്ചയായി ശക്തമായി തുടങ്ങിയതോടെയാണ് കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയത്. പുതുതായി രോഗബാധ കണ്ടെത്തിയവരില്‍ 85 ശതമാനവും വിദേശികളാണ്.

ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിത് മദീന (293), മക്ക (209), ജിദ്ദ (208), റിയാദ് (157), ഹുഫൂഫ് (78) എന്നിവിടങ്ങളിലാണ്. ദമാം (43), ജുബൈല്‍ (40), തായ്ഫ് (32), അല്‍-ഖോബര്‍ (28), ഉനൈസ (13), അല്‍-ബുക്കൈറിയ (11), തബുക് (10), ഹായില്‍ (9), അല്‍-ഹദ (5), റാബിഗ് (5), യാമ്പു (4), അബഹ, അല്‍-ഖത്വീഫ്, ദഹ്റാന്‍, അല്‍ ബഹ, അറാര്‍, നജ്റാന്‍, അല്‍-അഖിക്ക്, അല്‍-ദിരിയ, ഹഫര്‍ അല്‍ -ബാത്തിന്‍, അല്‍-ഖുര്‍മ, അല്‍-ദൗമ്, അല്‍-മന്ദക്, വാദിഅല്‍ ഫര്‍ഹ്- ഒന്നു വീതം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.