Connect with us

Kerala

സ്പ്രിന്‍ക്ലര്‍: ഡാറ്റ ചോരില്ലെന്ന് ഉറപ്പ്, പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതം: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിന്‍ക്ലര്‍ കരാറില്‍ പാര്‍ട്ടി നയത്തില്‍ നിന്ന് പിന്നോട്ടു പോയിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കരാറിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡാറ്റ ചോര്‍ച്ച തടയാന്‍ സഹായകമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഡാറ്റ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കില്ലെന്ന് ഉറപ്പുണ്ട്. കരാര്‍ വിവാദമാക്കി സര്‍ക്കാറിന്റെ ശോഭ കെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമാണ് പ്രതിപക്ഷത്തിന്റെ ശ്രമം. പുകമറ സൃഷ്ടിച്ച് പ്രതിപക്ഷം നടത്തുന്ന പ്രചാരവേല ജനങ്ങള്‍ തള്ളിക്കളയും. കരാറിന്റെ കാര്യത്തില്‍ സര്‍ക്കാറിന് ഒന്നും മറച്ചുവക്കാനില്ലെന്നും രാഷ്ട്രീയ പ്രചാരണത്തെ രാഷ്ട്രീയമായി നേരിടുമെന്നും കോടിയേരി പറഞ്ഞു.

വിവരങ്ങള്‍ ചോരുമെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. അസാധാരണ സാഹചര്യമായതിനാല്‍ കരാര്‍ സംബന്ധിച്ച് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തില്ല. സ്ഥിതിഗതികള്‍ ശാന്തമായ ശേഷം കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. പ്രതിപക്ഷ ആരോപണത്തിനും സര്‍ക്കാര്‍ വിരുദ്ധ സമരത്തിനും ഒരടിസ്ഥാനവുമില്ലെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അസാധാരണ സാഹചര്യത്തില്‍ പോലും വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കിയിട്ടുണ്ട്. ഡാറ്റ സംബന്ധിച്ച് സി പി എമ്മിനും സി പി ഐക്കും ഒറ്റ നിലപാടാണുള്ളത്. രണ്ട് പാര്‍ട്ടികള്‍ക്കും വിവര സുരക്ഷയില്‍ ഒരേ നിലപാടാണ്.

കൊവിഡ് കേരളത്തെ ബാധിക്കില്ലെന്നാണ്‌ പ്രതിപക്ഷം നേരത്തെ പ്രചരിപ്പിച്ചത്. നിയമസഭ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെയും എതിര്‍ത്തു. ചാരക്കേസ് വിവാദങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് സര്‍ക്കാറിനും മുഖ്യമന്ത്രിക്കും എതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നത്. ചാരക്കേസിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോഴത്തെ വിവാദം. ചാരക്കേസിന്റെ ഘട്ടത്തില്‍ കരുണാകരന്റെ മക്കള്‍ക്കെതിരായ ആക്രമണം നടത്തിയതിനു സമാനമാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള ആക്രമണവും. ഒറ്റക്കെട്ടായി പ്രതിരോധത്തില്‍ ഏര്‍പ്പെടേണ്ട സമയമാണിതെന്നും സി പി എം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.