Connect with us

Covid19

കുഷ്ടരോഗ പ്രതിരോധ വാക്‌സിന്‍ കൊറോണക്ക് ഫലപ്രദമോ; ഇന്ത്യ പരീക്ഷണം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | കുഷ്ഠരോഗത്തിനെതിരെ ഫലപ്രദമാണെന്ന് തെളിയിച്ച മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍ കൊറോണ വൈറസ് പ്രതിരോധത്തിന് സഹായകരമാകുമോ എന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നു. കുഷ്ടരോഗത്തിന് എതിരായ എം.ഡബ്ല്യൂ വാക്‌സിനാണ് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്‌ഐആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ മണ്ടെ പറഞ്ഞു.

“ഒരു വാക്‌സിന്‍ നിര്‍മ്മിക്കുകയെന്നത് നീണ്ട പ്രക്രിയയാണ്. ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നുവരികയാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉതകുന്ന ഒരു വാക്‌സിന്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. രണ്ട് അംഗീകാരങ്ങള്‍ കൂടി ഇതിന് ആവശ്യമുണ്ട്. അവ ലഭിച്ചുകഴിഞ്ഞാല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും. അടുത്ത ആറാഴ്ചക്കുള്ളില്‍ ഇതിന്റെ ഫലം ലഭ്യമാകുകയും ചെയ്യും” – ഡോ. മണ്ടെ പറഞ്ഞു.

വൈറസിന്റെ ഉത്ഭവവും വ്യാപനവും കണ്ടെത്താന്‍ സഹായിക്കുന്ന, ജനിതക ശ്രേണി (ജീനോം സീക്വന്‍സിംഗ്) പരിശോധനക്ക് ഇന്ത്യ ശ്രമം തുടങ്ങിയതായും ഡോ. മുണ്ടെ പറഞ്ഞു. വൈറസ് പരിവര്‍ത്തനം ചെയ്യുകയോ അതിനെതിരെ ഉപയോഗിക്കുന്ന മരുന്നുകളോട് പ്രതിരോധിക്കുകയോ ചെയ്യുന്നുണ്ടോ എന്ന് ഇതിലൂടെ മനസ്സിലാക്കാനാകും. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി 25 ജനിതക ശ്രേണി പരിശോധനകള്‍ നടത്തിയിട്ടുണ്ട്. സിഎസ്‌ഐആറിന്റെ രണ്ട് ലാബുകളില്‍ 30 പരിശോധനകളും നടത്തി. വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ 500 മുതല്‍ 1,000 വരെ ജനിതക ശ്രേണി പരിശോധനകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് കൊറോണ വൈറസിന്റെ ആറ് മുതല്‍ ഏഴ് വരെ വര്‍ഗങ്ങളുണ്ട്. ഇന്ത്യയില്‍ ഇതില്‍ എത്ര വര്‍ഗങ്ങള്‍ ഉണ്ടെന്നറിയാനും ജനിതക ശ്രേണി പരിശോധനയിലൂടെ സാധിക്കുമെന്നും ഡോ. മണ്ടെ പറഞ്ഞു.

നോവല്‍ കൊറോണ വൈറസിന് എതിരായ വാക്‌സിന്‍ കണ്ടെത്താന്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ സമയമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ലോകമെമ്പാടും 21 ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 1.5 ലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്ത ശ്വാസകോശ വൈറസിനെ പ്രതിരോധിക്കാന്‍ യുഎസും ചൈനയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വാക്‌സിനുകള്‍ക്കായി പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Latest