Connect with us

Ongoing News

ഐ പി എല്‍ അനിശ്ചിത കാലത്തേക്ക് നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിനാല്‍ ഒരറിയിപ്പ് ലഭിക്കുന്നത് വരെ 2020 ഐ പി എല്‍ സീസണ്‍ നിര്‍ത്തിവെച്ചതായി ബി സി സി ഐ അറിയിച്ചു. ഐ പി എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതിനെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി സി സി ഐ) മറ്റ് ഫ്രാഞ്ചൈസികളെ അറിയിച്ചതായി ഏപ്രില്‍ 14 ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ് 19 നെക്കുറിച്ചുള്ള ആഗോള ആരോഗ്യ ആശങ്കകളും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് നടപ്പാക്കിയ ലോക്ക്ഡൗണ്‍ നടപടികളും കാരണം കൂടുതല്‍ അറിയിപ്പ് ലഭിക്കുന്നതുവരെ ഐ പി എല്‍ 2020 സീസണ്‍ താത്കാാലികമായി നിര്‍ത്തിവെക്കാന്‍ ബിസി സി ഐയുടെ ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ മാര്‍ച്ച് 29 ന് ആരംഭിച്ച് മെയ് 24 ന് അവസാനിപ്പിക്കുന്ന രീതിയിലാണ് ഐ പി എല്‍ തീരുമാനിച്ചിരുന്നത്. പിന്നീട് രാജ്യത്ത് കൊവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 15 ലേക്ക് മാറ്റിവെച്ചിരുന്നെങ്കിലും മത്സരങ്ങള്‍ നടത്താന്‍ നിര്‍വാഹമില്ലാത്തിനാല്‍ ഐ പി എല്‍ അനിശ്ചിതകാലത്തേക്ക് നിട്ടിവെക്കുകയായിരുന്നു.

ഈ വര്‍ഷം ഒക്‌ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് ഉപേക്ഷിക്കുകയാണെങ്കില്‍ ആ സമയത്ത് ബി സി സി ഐക്ക് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ പറ്റും. അല്ലെങ്കില്‍ സെപ്തംബറില്‍ നടക്കുന്ന ഏഷ്യാകപ്പ് ഉപേക്ഷിച്ചാല്‍ ടൂര്‍ണമെന്റ് നടത്താം. പക്ഷേ ഏഷ്യാകപ്പ് റദ്ദാക്കാന്‍ സമ്മതിക്കില്ലെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. അല്ലെങ്കില്‍ ഈ സീസണ്‍ ഉപേക്ഷിക്കുക. ഈ മൂന്ന് വഴികളാണ് ബി സി സി ഐയുടെ മുന്നിലുള്ളത്.

Latest