Connect with us

Bahrain

കൊവിഡ് 19; ബഹ്റൈനില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയ അടിയന്തര ആശുപത്രിയാക്കി

Published

|

Last Updated

മനാമ | ബഹ്റൈനില്‍ കൊവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി കാര്‍ പാര്‍ക്കിംഗ് ഏരിയ അടിയന്തര ആശുപത്രിയാക്കി മാറ്റി. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്. സൈനിക ആശുപത്രിയുടെ മള്‍ട്ടി-സ്റ്റോറി കാര്‍ പാര്‍ക്കിംഗ് സ്ഥലമാണ് അടിയന്തര സാഹചര്യങ്ങള്‍ പരിഗണിച്ച് റെക്കോഡ് വേഗതയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രിയാക്കിയത്. ഇവിടെ 130 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബഹ്റൈനില്‍ 161 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1522 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളാണ് ഇവരിലേറെയും. തലസ്ഥാനമായ മനാമക്കു തെക്ക് റിഫയിലെ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് ഹോസ്പിറ്റലിലും താത്ക്കാലിക ഐ സി യു, വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ കൊവിഡ് ചികിത്സക്കായി തയാറാക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് സൈനിക ഫീല്‍ഡ് യൂനിറ്റുകള്‍ കൂടി ഏറ്റെടുത്ത് രാജ്യത്ത് 500 കിടക്കകളുള്ള ആശുപത്രി സംവിധാനം ഏര്‍പ്പെടുത്താനാണ് പദ്ധതിയെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കനത്ത നിയന്ത്രണങ്ങളും സുരക്ഷയുമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ വിമാനക്കമ്പനിയായ ബഹ്റൈന്‍ എയര്‍ ചുരുക്കം ചില വിമാന സര്‍വീസുകള്‍ മാത്രമാണ് നിലവില്‍ നടത്തുന്നത്. സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.