Connect with us

Covid19

കേരള- കര്‍ണാടക അതിര്‍ത്തി പ്രശ്‌നത്തിന് പരിഹാരമായതായി കേന്ദ്രം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19നെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരള- കര്‍ണാടക അതിര്‍ത്തിയിലുണ്ടായ പ്രശ്‌നങ്ങളില്‍ പരിഹാരമായതായി കേന്ദ്രം സുപ്രീം കോടതിയില്‍. സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കമില്ല. കര്‍ണാടക അതിര്‍ത്തി അടച്ച വിഷയത്തില്‍ ധാരണയായെന്നും രോഗികളുമായി പോകുന്ന വാഹനങ്ങള്‍ തലപ്പാടി വഴി വിടാന്‍ കരാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് കേസ് തീര്‍പ്പാക്കുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

അതേസമയം കാസര്‍ഗോഡ് അതിര്‍ത്തിയില്‍ കര്‍ണാടക ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള ഒരു വാഹനങ്ങളേയും ഇന്നും അതിര്‍ത്തി വഴി കടത്തിവിട്ടില്ല. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വരെ തലപ്പാടിയില്‍ ഇന്നും തടയുകയാണ്. എന്നാല്‍ കേരളത്തില്‍ നിന്നും ചരക്കുമായി പോകുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കടത്തിവിടുന്നുമുണ്ട്. അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തലപ്പാടി ചെക്ക്‌പോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിയാല്‍ കര്‍ണാടകയിലെ മെഡിക്കല്‍ സംഘം പരിശോധിച്ച് കടത്തിവിടുമെന്നായിരുന്നു കര്‍ണാടക കേരളത്തെ ഇന്നലെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഈ സമയം വരെ മെഡിക്കല്‍ സംഘം തലപ്പാടിയില്‍ എത്തിയിട്ടില്ല. രോഗികള്‍ എത്തിയാല്‍ തടയുമെന്നാണ് കര്‍ണാടക പോലീസ് മാധ്യമങ്ങളെ അറിയിച്ചത്.

Latest