Connect with us

Covid19

കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

Published

|

Last Updated

കര്‍ണാല്‍ | കൊവിഡ് വൈറസ് ബാധ സംശയിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ആശുപത്രി കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നു വീണ് മരിച്ചു. ഹരിയാനയിലെ പാനിപ്പത്തിലുള്ള കല്‍പന ചാവ്‌ല ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. പാനിപത് ജില്ലയിലെ തന്നെ നൂര്‍പുര്‍ സ്വദേശി ശിവ്ചരണ്‍ ആണ് മരിച്ചത്. ഇയാള്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് പിന്നീട് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കിടക്ക വിരികള്‍ കയറു പോലെ പിരിച്ചുകെട്ടിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും ഇതിനിടെ താഴെ വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ശിവ്ചരണ്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായും മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റിയതായും കര്‍ണാല്‍ പോലീസ് സൂപ്രണ്ട് സുരേന്ദര്‍ സിംഗ് ഭോരിയ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഏപ്രില്‍ ഒന്നിനാണ് ഒന്നിലധികം അസുഖങ്ങള്‍ ബാധിച്ച നിലയില്‍ ശിവ്ചരണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.