Connect with us

Kerala

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കേരളത്തിലെ എട്ട് ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടര്‍ന്നേക്കും

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തി ലോക്ക് ഡൗണ്‍ ഈ മാസം 14ന് അവസാനിക്കുമെങ്കിലും കേരളത്തിലെ എട്ട് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യത. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് നിയന്ത്രണങ്ങളിലാണ് തുടരുക. ഈ ജില്ലകളിലേക്ക് പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല. ഇവിടെ നിന്ന് പുറത്തേക്കും ആരെയും പോകാന്‍ അനുവദിക്കില്ല. പൊതുഗതാഗതത്തിനും നിയന്ത്രണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ തുടരുക.
രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകളില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞാലും നിയന്ത്രണങ്ങള്‍ ശക്തമായി തുടരാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. ഇത് സംബന്ധിച്ച ആലോചനകള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. ഹോട്ട്സ്‌പോട്ടാക്കിയ ഈ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെങ്കില്‍ മൂന്ന് ആഴ്ചയെങ്കിലും പുതുതായി ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.

കേരളത്തില്‍ ഏഴ് ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം എട്ടായത്.ലോക്ക് ഡൗണ്‍ ആരംഭിച്ചതിനുശേഷവും ഇവിടെ നിന്നുള്ള പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നത്.

ഇന്ത്യയില്‍ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണയോഗം ഇന്ന് ഉച്ചക്ക് ചേരുന്നുണ്ട്. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ജില്ലകള്‍ സീല്‍ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

Latest