Connect with us

Covid19

കൊവിഡ്: ദീപം തെളിയിക്കല്‍ ഇന്ന്; ലോക്ക് ഡൗണ്‍ കാര്യത്തില്‍ തീരുമാനം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ ഇരുട്ടകറ്റാന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ പരിപാടി ഇന്ന്. രാത്രി ഒമ്പതു മണിക്ക് വൈദ്യുത ദീപങ്ങള്‍ അണച്ച് വിളക്കോ ടോര്‍ച്ചോ മൊബൈല്‍ ലൈറ്റോ മറ്റോ തെളിയിക്കാനാണ് ആഹ്വാനം. അതേസമയം, കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ തുടരണോ എന്ന കാര്യത്തില്‍ ഈമാസം പത്താം തീയതി വരെയുള്ള സ്ഥിതി വിലയിരുത്തിയാകും തീരുമാനം ഉണ്ടാവുക.

സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. കേന്ദ്ര മന്ത്രിമാരുടെ പ്രത്യേക യോഗത്തിനു പുറമെ, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ആരോഗ്യ രംഗത്തെ വിദഗ്ധരുടെയും യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ലോക്ക് ഡൗണ്‍ തുടരേണ്ടതുണ്ടോ, ഇളവ് വരുത്തിയാല്‍ രോഗ വ്യാപനം തടയാന്‍ എന്തൊക്കെ മുന്‍കരുതലും മുന്നൊരുക്കങ്ങളും സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം യോഗങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യും.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 3000 കവിഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയതായാണ് ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 500നടുത്ത് പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചുള്ള മരണം 77 ആയിട്ടുണ്ട്. 3030 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം 3374 ആണ്. 267 പേര്‍ക്ക് അസുഖം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 3374 ആണ്.

Latest