Connect with us

Covid19

ലൈറ്റണക്കുന്നത് പവര്‍ ഗ്രിഡില്‍ തകരാറുണ്ടാക്കും; പ്രധാനമന്ത്രിയുടെ ആഹ്വാനം തള്ളി വിദഗ്ധര്‍; ന്യായീകരിച്ച് മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വ്യാപനത്തിന് എതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ 9.09 വരെ ലൈറ്റുകള്‍ അണച്ച് മെഴുക് തിരിയോ വിളക്കോ മൊബൈല്‍ ഫ്ളാഷ് ലൈറ്റോ പ്രകാശിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ ചൊല്ലി വിവാദങ്ങള്‍. ലൈറ്റുകള്‍ ഒന്നിച്ച് അണക്കുന്നത് പവര്‍ഗ്രിഡില്‍ തകരാറിന് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഗ്രിഡിലെ അസ്ഥിരതയ്ക്കും വൈദ്യുത ഉപകരണങ്ങളെ ദോഷകരമായി ബാധിക്കുന്ന വോള്‍ട്ടേജിലെ ഏറ്റക്കുറച്ചിലുകള്‍ക്കും കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഞായറാഴ്ച രാത്രി ഒമ്പതിന് ഒന്നിച്ച് ലൈറ്റുകള്‍ അണക്കുകയും പിന്നീട് 9.09 ന് പെട്ടെന്ന് വൈദ്യുതി പ്രവാഹം ഉണ്ടാകുകയും ചെയ്യുന്നത് ഇലക്ട്രിക്കല്‍ ഗ്രിഡ് തകരാറിന് ഇടയാക്കുമെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ഇതെ വാദവുമായി മഹാരാഷ്ട്ര വൈദ്യുതി മന്ത്രി നിതിന്‍ റാവുത്തും രംഗത്ത് വന്നു. അടിയന്തര സേവനങ്ങളെ അടക്കം ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളുകയാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം.

വീട്ടിലെ ലൈറ്റുകള്‍ മാത്രം അണച്ചാല്‍ മതിയെന്നും തെരുവ് വിളക്കുകള്‍, കമ്പ്യൂട്ടറുകള്‍, ടിവികള്‍, ഫാനുകള്‍, റഫ്രിജറേറ്ററുകള്‍, എസികള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഓഫ് ചെയ്യേണ്ടതില്ലെന്നും കേന്ദ്ര വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി. ആശുപത്രികളള്‍, പൊതു സ്ഥലങ്ങള്‍, മുനിസിപ്പല്‍ സര്‍വീസുകള്‍, ഓഫീസുകള്‍, പോലീസ് സ്റ്റേഷനുകള്‍, നിര്‍മാണ കേന്ദ്രങ്ങള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളില്‍ ലൈറ്റുകള്‍ അണക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. പൊതു സുരക്ഷയ്ക്കായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തെരുവ് വിളക്കുകള്‍ കത്തിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ വൈദ്യുതി ഗ്രിഡ് ശക്തവും സുസ്ഥിരവുമാണെന്നും ആവശ്യകതയിലെ വ്യതിയാനം കൈകാര്യം ചെയ്യുന്നതിന് മതിയായ ക്രമീകരണങ്ങളും പ്രോട്ടോക്കോളുകളും നിലവിലുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

Latest