Connect with us

National

അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെട്ട് കേന്ദ്രം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ചര്‍ച്ചക്ക് വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കേരളാ അതിര്‍ത്തികള്‍ കര്‍ണാടക അടച്ചുകെട്ടിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി ചര്‍ച്ചക്ക് വിളിച്ചു. അതിനിടെ, പ്രശ്‌നത്തിന് ഇന്ന് തന്നെ പരിഹാരമുണ്ടാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ചുവീഴുന്ന വിഷയമായതിനാല്‍ ഒരുനിമിഷം പോലും കാത്തിരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

്അതിര്‍ത്തി അടച്ച് രോഗികളെ പോലും കടത്തിവിടാത്ത കര്‍ണാടകയുടെ നടപടി മനുഷ്യത്വ രഹതിമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സാവകാശം തേടിയ കേന്ദ്രത്തിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ഇന്നോ നാളെയോ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാല്‍ മനുഷ്യര്‍ ചികിത്സ കിട്ടാതെ മരിച്ചുവീഴുന്ന വിഷയമായതിനാല്‍ കാത്തിരിക്കാനാകില്ലെന്നും ബുധനാഴ്ച വൈകീട്ട് അഞ്ചരക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേന്ദ്രം ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു.

കാസര്‍കോട്ട് കൊവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടക അതിര്‍ത്തികള്‍ അടച്ചത്. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടച്ച കര്‍ണാടക ദേശീയ പാതയിലടക്കം മണ്ണിട്ട് പൂര്‍ണമായും ഗതാഗതം തടയുകയും ചെയ്തു. വയനാട്, കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാമെന്ന് കര്‍ണാടക സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കാസര്‍കോട് അതിര്‍ത്തിര്‍ത്തി ഒരു കാരണത്താലും തുറക്കാനാകില്ലെന്ന നിലപാടില്‍ ബുധനാഴ്ചയും കര്‍ണാടക ഉറച്ചുനിന്നു. ഹൈക്കൊടതിയില്‍ കര്‍ണാടക ഇക്കാര്യം വ്യക്തമാക്കി. ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമായി കാണേണ്ടതില്ലെന്നും രോഗബാധ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പകരുന്നത് തടയുവാനാണ് നടപടിയെന്നും കര്‍ണാടക വ്യക്തമാക്കി.

Latest