Connect with us

Covid19

വിറ്റുപോകുന്നില്ല; മില്‍മ മലബാറില്‍ നാളെ മുതല്‍ പാല്‍ സംഭരിക്കില്ല

Published

|

Last Updated

കോഴിക്കോട്  |സംഭരിക്കുന്ന പാലിന്റെ പകുതി പോലും വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മലബാറില്‍ മില്‍മ നാളെ മുതല്‍ പാല്‍ സംഭരിക്കില്ല. മറ്റന്നാള്‍ മുതല്‍ ക്ഷീരസംഘങ്ങള്‍ കുറച്ചുമാത്രം പാല്‍ അയച്ചാല്‍ മതിയെന്ന് മേഖല യൂണിയന്‍ അറിയിച്ചു.

നിലവില്‍ മലബാര്‍ മേഖലയില്‍ ഓരോ ദിവസവും മില്‍മ 6 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ വിപണനം 3 ലക്ഷം ലിറ്ററായി കുറഞ്ഞു. പാല്‍ വീടുകളിലും ഫ്‌ളാറ്റുകളിലും നേരിട്ടെത്തിച്ചും ലോങ് ലൈഫ് പാല്‍ വിതരണം നടത്തിയും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. ബാക്കി വരുന്ന പാലിന്റെ ചെറിയൊരളവ് മില്‍മ തിരുവനന്തപുരം യൂണിയന്‍ വാങ്ങിയിരുന്നെങ്കിലും തിരുവനന്തപുരത്തും പ്രതിസന്ധിയിലായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം വരെ 2 ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി മാറ്റിയിരുന്നു. ആലപ്പുഴയില്‍ മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി കാലഹരണപ്പെട്ടതാണ്. ഇതുമൂലം ഇതര സംസ്ഥാനങ്ങളിലെത്തിച്ചാണ് പൊടിയാക്കി മാറ്റിവന്നത്. ഓരോ ലിറ്റര്‍ പാലിനും 10 രൂപയോളം അധികച്ചെലവാണ് ഇതുമൂലമുണ്ടായത്. തമിഴ്‌നാട് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ കേരളത്തില്‍നിന്നുള്ള പാല്‍ എടുക്കാന്‍ തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് നാളെ പാല്‍ സംഭരിക്കില്ലെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ക്ഷീരസംഘങ്ങളെ അറിയിച്ചിരിക്കുന്നത്. മറ്റന്നാള്‍ മുതല്‍ സംഭരിക്കുന്ന പാലില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest