Connect with us

Editorial

ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ സാധാരണക്കാരനു മാത്രമോ?

Published

|

Last Updated

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സാധാരണക്കാര്‍ക്കു മാത്രമാണോ? അതോ ഭരണ തലപ്പത്തിലും ഉദ്യോഗതലത്തിലുമടക്കം എല്ലാവര്‍ക്കും ബാധകമാണോ? സാധാരണക്കാരന്‍ എല്ലാ വിധ കുടുംബ, സാമൂഹിക പരിപാടികളും ചടങ്ങുകളും ആരാധനാലയങ്ങളിലെ പ്രാര്‍ഥനകള്‍ വരെയും നിര്‍ത്തി വെച്ചു തങ്ങളുടെ വീടുകളില്‍ അടങ്ങിയൊതുങ്ങി കഴിയുകയും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിര പോലീസ് അതികര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നതിനിടെ ഭരണതലത്തിലെ പല ഉന്നതരും ഉദ്യോഗസ്ഥ പ്രമുഖരും ഭരണതലങ്ങളില്‍ സ്വാധീനമുള്ള ആള്‍ദൈവങ്ങളും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം മിശ്ര കഴിഞ്ഞ ദിവസം ജില്ലാ ഭരണ കൂടത്തെ കബളിപ്പിച്ചു ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നാട്ടിലേക്ക് മുങ്ങി. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അനുപം മിശ്ര. വിവാഹാവശ്യാര്‍ഥം നാട്ടിലേക്കു പോയ അദ്ദേഹം ഈ മാസം 18നാണ് കൊല്ലത്തു തിരിച്ചെത്തി ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. വിവാഹാവധിക്കിടെ അനുപം മിശ്ര വിദേശ യാത്രയും നടത്തിയിരുന്നതിനാല്‍ കലക്ടര്‍ ബി അബ്ദുന്നാസര്‍ അദ്ദേഹത്തോടും ഗണ്‍മാനോടും ഡ്രൈവറോടും ലോക്ക്ഡൗണ്‍ ചട്ടപ്രകാരം ഗൃഹനിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. തേവള്ളിയിലെ ഗവ. ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മിശ്ര ആരെയും അറിയിക്കാതെ രഹസ്യമായി ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കടന്നു കളഞ്ഞത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ സംഘം വ്യാഴാഴ്ച വീട്ടിലെത്തിയപ്പോഴാണ് അയാള്‍ മുങ്ങിയ വിവരം അറിയുന്നത്.

കേരളത്തില്‍ ഒരു ഉദ്യോഗസ്ഥ പ്രമുഖനാണ് ലോക്ക്ഡൗണ്‍ ചട്ടലംഘനം നടത്തിയതെങ്കില്‍ ഉത്തര്‍പ്രദേശില്‍ ഭരണത്തലവന്‍ ആദിത്യനാഥ് തന്നെയാണ് പ്രതി. കൊറോണ വ്യാപനം തടയാന്‍ എല്ലാവരും വീടുകളില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്നും ആളുകള്‍ ഒത്തുകൂടുന്ന പരിപാടികളൊന്നും നടത്തരുതെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അദ്ദേഹം കാറ്റില്‍ പറത്തി. മോദി 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രാരംഭ നടപടിയെന്നു വിശേഷിപ്പിക്കപ്പെടുന്ന വിഗ്രഹം മാറ്റിസ്ഥാപിക്കല്‍ ചടങ്ങില്‍ യോഗി പങ്കെടുത്തു. അയോധ്യ ജില്ലാ കലക്ടര്‍, പോലീസ് മേധാവി, മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സന്യാസിമാര്‍ തുടങ്ങി ഇരുപതോളം പേര്‍ ചടങ്ങിനു ഒത്തുകൂടിയിരുന്നു. യു പിയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടെ മാസ്‌കോ, സാനിറ്റൈസറോ ഉപയോഗിക്കാതെയാണ് പലരും പരിപാടിക്കെത്തിയത്. എല്ലാ വിഭാഗത്തിന്റെ ആരാധനാലയങ്ങളും അടച്ചിടണമെന്നും ഒരിടത്തും ആളുകള്‍ ഒത്തുകൂടുകയോ മതപരമായ ചടങ്ങുകള്‍ നടത്തുകയോ അരുതെന്ന മോദിയുടെ നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ഈ ചടങ്ങ്. രാജ്യം കൊറോണ വ്യാപനത്തെക്കുറിച്ചുള്ള ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കെ യോഗി നടത്തിയ ഈ നിയമ ലംഘനത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സന്നദ്ധമാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു ബി ജെ പി നേതൃത്വം. ഏതെങ്കിലും ബി ജെ പി ഇതര കക്ഷി നേതാവായിരുന്നു ചട്ടലംഘനം നടത്തിയിരുന്നതെങ്കില്‍ കാണാമായിരുന്നു പുകില്.

“ആള്‍ദൈവം” മാതാ അമൃതാനന്ദമയിയുടെ കൊല്ലത്തെ മഠത്തില്‍ താമസിച്ചു വരുന്ന വിദേശികളുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കാതെ ചട്ടലംഘനം നടത്തിയതായും പരാതിയുണ്ട്. കൊല്ലത്ത് സ്ഥാപനം സ്ഥിതി ചെയ്യുന്ന ആലപ്പാട് പഞ്ചായത്ത് അധികൃതര്‍ തന്നെയാണ് ഇതുസംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയത്. കേരളത്തില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വിദേശത്തു നിന്നെത്തുന്നവരെക്കുറിച്ച് വിവരം അധികൃത കേന്ദ്രങ്ങളെ അറിയിക്കണമെന്ന ഉത്തരവിറങ്ങുകയും ചെയ്ത ശേഷം 68 വിദേശികള്‍ എത്തിയിട്ടുണ്ട് അമൃതാനന്ദമയി മഠത്തില്‍. മഠം ഭാരവാഹികള്‍ ഈ കാര്യം മറച്ചു വെക്കുകയായിരുന്നു. കേന്ദ്രത്തില്‍ പിടിപാടുള്ളതിനാല്‍ അതിന്റെ ബലത്തില്‍ അമൃതാനന്ദമയിയും ബന്ധുക്കളും മുമ്പും നടത്തിയിട്ടുണ്ട് തണ്ണീര്‍ തടങ്ങള്‍ നികത്തല്‍, അനധികൃത കെട്ടിട നിര്‍മാണം, നിയമവിധേയമല്ലാതെ ഭൂമി കൈവശപ്പെടുത്തല്‍ തുടങ്ങി പലവിധ ചട്ടലംഘനങ്ങളും. മാത്രമല്ല, മഠത്തിന്റെ കൈവശമുള്ള പല ഫ്ലാറ്റുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നികുതി ഒടുക്കാറുമില്ലത്രെ.

ഇത് സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ആരോപണം വസ്തുതാപരമാണെന്നു കണ്ടെത്തുകയും നികുതി ഈടാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോടികളുടെ വരുമാനമുള്ള മഠത്തിനു പഞ്ചായത്തധികൃതര്‍ നികുതി ഇളവ് അനുവദിച്ച് മാനേജ്‌മെന്റിനെ സഹായിക്കുകയാണ് ചെയ്യാറുള്ളത്. ലോക്ക്ഡൗണ്‍ പ്രഖ്യാപനം ആരെങ്കിലും ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ രാജ്യം മുഴുവന്‍ പോലീസ് സദാ ജാഗരൂകമാണ്. അത്യാവശ്യ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളിലേക്കും രോഗചികിത്സക്കു ആശുപത്രിയിലേക്കും പോകുന്നവരെയൊക്കെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയോ നിയമലംഘനം സംശയിക്കുന്നവരെ പൊതിരെ തല്ലുകയോ ചെയ്തു വരികയാണ് നിയമപാലകര്‍. ഇതിനിടയിലാണ് നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായ ഭരണാധികാരികളും ഉദ്യോഗസ്ഥ പ്രമുഖരും പരസ്യമായി നിയമലംഘനം നടത്തുന്നത്.

സാധാരണക്കാരനു ഒരു നിയമവും പ്രമുഖരുടെ കാര്യത്തില്‍ മറ്റൊരു നിയമവുമെന്നത് രാജ്യത്ത് ഒരു പുതുമയല്ലെങ്കിലും കൊറോണ ഉയര്‍ത്തുന്ന ഭീഷണമായ ഒരു സാഹചര്യത്തില്‍ ഇത് ഒട്ടും പൊറുപ്പിക്കാവതല്ല. ഒരു സമൂഹത്തെയാകെയാണ് ഇത്തരക്കാര്‍ കൊടിയ വിപത്തിലേക്ക് തള്ളിവിടുന്നത്. സാധാരണക്കാരേക്കാള്‍ സമൂഹത്തിനു മാതൃകയാകേണ്ട ഉന്നതങ്ങളിലെ നിയമ ലംഘകരെയാണ് ആദ്യം അഴിക്കുള്ളില്‍ തളച്ചിടേണ്ടത്. കൊല്ലത്ത് ക്വാറന്റൈന്‍ വേളയില്‍ കടന്നു കളഞ്ഞ സബ് കലക്ടര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യമെങ്കിലും, അതിന്റെ സ്വഭാവമെന്തായിരിക്കുമെന്ന് ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ കേരളീയ സമൂഹം കണ്ടതാണ്.