കേന്ദ്രം ചുമലൊഴിയുന്ന വിധം

Posted on: March 26, 2020 12:20 pm | Last updated: March 26, 2020 at 12:20 pm

കൊവിഡ് 19ന്റെ വ്യാപനം തടയുക എന്നതില്‍ മാത്രം കേന്ദ്രീകരിക്കുകയാണ് ലോകം. ഇന്ത്യന്‍ യൂനിയനും ഭിന്നമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണയായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത്, കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചും അത് തടയുന്നതിന് ജനം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വിശദീകരിച്ചു. ആദ്യത്തെ അഭിസംബോധനയില്‍ ഒരു ദിവസത്തെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച പ്രധാനമന്ത്രി, രണ്ടാമത്തേതില്‍ 21 ദിവസത്തേക്ക് രാജ്യം അടച്ചിടുക എന്ന കടുത്തതും അനിവാര്യവുമായ നടപടിയിലേക്ക് നീങ്ങി. രോഗ വ്യാപനം തടയുന്നതിന് ജനങ്ങള്‍ പരമാവധി വീട്ടില്‍ കഴിയുക എന്നത് തന്നെയാണ് മാര്‍ഗം. അതിലേക്ക് അവരെ നിര്‍ബന്ധിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിറവേറ്റിയത് എന്ന് പറയുന്നതില്‍ തെറ്റില്ല.

ആ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് രാജ്യം അടച്ചിടുമ്പോള്‍ അതുമൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടാകണം, ആഘാതം തടയാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും വേണം. ഒപ്പം താന്‍ നടത്തുന്ന പ്രസ്താവന മൂലം ജനം പരിഭ്രാന്തിയിലാകുന്ന സ്ഥിതിയുണ്ടാകരുതെന്ന് ഉറപ്പിക്കുകയും വേണം. ഇത് രണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ രണ്ടാം വട്ടം അഭിസംബോധന ചെയ്തപ്പോഴുണ്ടായില്ല എന്നത് ഖേദകരമാണ്. രാജ്യം അടച്ചിടുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവശ്യ വസ്തുക്കള്‍ ലഭിക്കാനുള്ള സൗകര്യം ഉറപ്പാക്കുമോ ഇല്ലയോ എന്നൊന്നും പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. അതൊക്കെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണമായി പിറകെയാണ് വന്നത്. അതുകൊണ്ട് തന്നെ രാജ്യമാകെ അടച്ചിടുകയാണ്, ജനതാ കര്‍ഫ്യൂവിനേക്കാള്‍ വലിയ നിയന്ത്രണമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞതിന് തൊട്ടുപിറകെ അവശ്യ വസ്തുക്കള്‍ ശേഖരിക്കാനായി ആളുകള്‍ കൂട്ടം കൂട്ടമായി കടകളിലേക്ക് എത്തി. രാജ്യത്തെ പല നഗരങ്ങളിലെയും കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കഴിഞ്ഞ രാത്രി അനുഭവപ്പെട്ടത് വലിയ തിരക്കാണ്. വാഹന ഗതാഗതം പന്ത്രണ്ട് മണിയോടെ ഇല്ലാതാകുമെന്നതിനാല്‍ കിട്ടിയ വാഹനങ്ങളിലൊക്കെ ആളുകള്‍ കയറിക്കൂടി. ഫലത്തില്‍ രോഗ വ്യാപനത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന ചെയ്തത്. രാജ്യം അടച്ചിടുമെങ്കിലും അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ആളുകള്‍ തിക്കിത്തിരക്കുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ല.

ഇവ്വിധമുള്ള അടച്ചിടല്‍ 21 ദിവസത്തേക്ക് നീളുമ്പോള്‍ കൊവിഡിന്റെ പകര്‍ച്ച മൂലം നിലവില്‍ തന്നെ തൊഴില്‍ രഹിതരായി നില്‍ക്കുന്ന ലക്ഷക്കണക്കിനാളുകളും അവരുടെ കുടുംബങ്ങളും കൂടുതല്‍ ദുരിതത്തിലേക്ക് വലിച്ചെറിയപ്പെടുകയാണ്. അവര്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടും. അവശ്യ മരുന്നുകള്‍ക്കും. ഇവ ലഭ്യമാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നില്ല. 80 കോടി ആളുകള്‍ക്ക് സൗജന്യ നിരക്കില്‍ റേഷന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പിന്നീട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ട റേഷന്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പാകത്തില്‍ സുശക്തമായ പൊതുവിതരണ സമ്പ്രദായം കേരളമൊഴിച്ചാല്‍ മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടോ എന്നതില്‍ സംശയമുണ്ട്.

അവശ്യ വസ്തുക്കളുടെ വിപണനത്തിന് തുറന്നു വെക്കുന്ന കടകള്‍ എത്ര ദിവസമുണ്ടാകും? തെരുവില്‍ ആളില്ലാതിരുന്നാല്‍ കടകള്‍ വൈകാതെ അടച്ചുപോകും. മരുന്നുകടകളുടെ കാര്യവും ഭിന്നമാകില്ല. അവശ്യ വസ്തുക്കളുടെയും മരുന്നിന്റെയും ക്ഷാമം വൈകാതെ അഭിമുഖീകരിക്കേണ്ടിവരും. അത്തരമൊരു സാഹചര്യത്തെ എങ്ങനെയാണ് നേരിടുക എന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ അതേക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്നറിയില്ല, ഇക്കാര്യത്തില്‍ എന്തെങ്കിലും നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടോ എന്നുമറിയില്ല. ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗര്‍ലഭ്യമുണ്ടായാല്‍, പോഷകാഹാരക്കുറവില്‍ ഇപ്പോള്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ എന്താകും?

രോഗ വ്യാപനം തടയുന്നതിന് 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിക്കുമ്പോള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കൃത്യസമയത്ത് നടപടികള്‍ എടുക്കാതിരുന്നത് മറച്ചുപിടിക്കുക കൂടിയാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും. ഡിസംബറില്‍ ചൈനയില്‍ പ്രത്യക്ഷപ്പെട്ട് ജനുവരിയോടെ സ്ഥിരീകരിക്കപ്പെട്ട കൊറോണ വൈറസ് വ്യാപനം, പ്രതിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നത് മാര്‍ച്ച് ആദ്യ വാരം മാത്രമാണ്. ചൈനയുള്‍പ്പെടെ വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ കര്‍ശനമായി പരിശോധിക്കാന്‍ തുടങ്ങുന്നത് മാര്‍ച്ച് ആറിന് മാത്രം. വൈകിയെടുത്ത പ്രതിരോധ നടപടികളുടെ ഫലം കൂടിയാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. ജനങ്ങളെയാകെ വൈറസ് വ്യാപനത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ പാകത്തിലുള്ള ബോധവത്കരണം പിന്നെയും വൈകി. മാര്‍ച്ച് 20ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുവോളം.
പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പല നിയന്ത്രണങ്ങളും വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞിരുന്നു. ചില സംസ്ഥാനങ്ങള്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചിരുന്നു, മാളുകളും തീയേറ്ററുകളും അടച്ചിട്ടിരുന്നു. ജനതാ കര്‍ഫ്യൂവിന് പിറകെ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന സമയത്ത് സിക്കിം, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് അടച്ചിടല്‍ പ്രഖ്യാപിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ആ രണ്ട് സംസ്ഥാനങ്ങളിലേക്ക് കൂടി അടച്ചിടല്‍ വ്യാപിപ്പിക്കുകയാണെന്നും അത് 21 ദിവസം വരേ നീട്ടണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയാണെന്നും പറയേണ്ട ഉത്തരവാദിത്വമേ യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിക്കുണ്ടായിരുന്നുള്ളൂ.

എന്നിട്ടും പതിവ് നാടകീയത വിടാതെ രാജ്യം അടച്ചിടുകയാണെന്നും ജനതാ കര്‍ഫ്യൂവിനേക്കാള്‍ കടുത്തതാണിതെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചത് എന്തുകൊണ്ടാണ്? പഴയ ജന്മി കുടുംബത്തെക്കുറിച്ചുള്ള കഥയാണ് ഓര്‍മ വരുന്നത്. ജന്മിയുടെ വീട്ടുപടിക്കല്‍ ഒരു ഭിക്ഷക്കാരന്‍ വന്നു. ഇവിടെയൊന്നുമില്ലെന്ന് കുടുംബത്തിലെ മരുമകന്‍ പറഞ്ഞു. ഇതുകേട്ട് തിരികെ നടന്ന ഭിക്ഷക്കാരനെ ജന്മി തിരികെ വിളിച്ചു. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ തിരിച്ചെത്തിയയാളോട് “ഇവിടെയൊന്നുമില്ല, അത് പറയേണ്ടവന്‍ അവനല്ല, ഞാനാണ്’ എന്ന് ജന്മി പറഞ്ഞു.
താനാണ് അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കേണ്ടത് എന്ന ചിന്ത മോദിയിലുണ്ടാകുന്നത് വെറുതെയല്ല. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് കൊറോണ വൈറസില്‍ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിച്ചത് താനാണെന്ന് പിന്നീട് പറയാനുള്ള സൗകര്യത്തിനാണ്. സംഘ്പരിവാറുകാരായ സ്തുതിപാഠകര്‍ക്ക് ഇത് പാടി നടന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അവസരമൊരുക്കാനാണ്. യഥാര്‍ഥത്തില്‍ ഈ മഹാമാരിയെ നേരിടാനുള്ള സകല ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാറുകളുടെ ചുമലില്‍ വെച്ച് മാറി നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യം നിശ്ചലമാക്കുകയും ജനങ്ങളോട് വീട്ടിലിരിക്കാന്‍ ഉപദേശിക്കുകയും മാത്രമാണ് അവര്‍ ചെയ്യുന്നത്. പിന്നെയുള്ളത് പ്രധാനമന്ത്രി പ്രഖ്യാപിച്ച 15,000 കോടി രൂപയാണ്. കൊവിഡ് പരിശോധനക്കുള്ള സാമഗ്രികളും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിരക്ഷാ കിറ്റുകളും മരുന്നുമൊക്കെ വാങ്ങുന്നതിനാണ് ഈ തുക. ഈ പ്രഖ്യാപനവും ഏറെ വൈകിയുള്ളതാണ്. പരിശോധന വ്യാപകമാക്കാനുള്ള നടപടികള്‍ രണ്ടാഴ്ച മുമ്പെങ്കിലും സ്വീകരിക്കേണ്ടതായിരുന്നു. അതിന് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധരൊക്കെ ആവശ്യപ്പെടുകയും ചെയ്തു. അന്ന് അനങ്ങാതിരുന്നവരാണ് രോഗം സമൂഹ വ്യാപനത്തിലേക്ക് എത്തിയെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ പണം അനുവദിക്കുന്നത്.
വെള്ളമൊഴുകിപ്പോയതിന് ശേഷമുള്ള അണകെട്ടലാണിത്. ഈ ഒഴുക്കിലുണ്ടാകുന്ന നഷ്ടത്തിന്റെ തോത് എത്രയും ചെറുതാകട്ടെ എന്ന് ആഗ്രഹിക്കാനേ കഴിയൂ.

രാജീവ് ശങ്കരന്‍
[email protected]