Connect with us

Covid19

ഒരേയൊരു പോംവഴി സാമൂഹിക അകലം പാലിക്കൽ: ഐ സി എം ആർ

Published

|

Last Updated

ന്യൂഡൽഹി | കൊവിഡ് വൈറസ് ബാധ കടിഞ്ഞാണില്ലാതെ കുതിക്കുമ്പോൾ പരിഹാരത്തിന് ഒരേയൊരു മാർഗമേയൂള്ളൂവെന്ന് വ്യക്തമാക്കി കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിക്കൽ റിസർച്ച് (ഐ സി എം ആർ). സാമൂഹിക അകലം പാലിക്കുക എന്നതാണ് ആ ഒറ്റമൂലി. ഇതിലൂടെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 62 ശതമാനം വരെ കുറക്കാൻ സാധിക്കുമെന്നാണ് ഐ സി എം ആർ വ്യക്തമാക്കുന്നത്. യു എൻ നേരത്തേ തന്നെ സാമൂഹിക അകല (സോഷ്യൽ ഡിസ്റ്റൻസ്)ത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിരുന്നു. ഇക്കാര്യം ഇന്ത്യൻ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഐ സി എം ആറിന്റെ പഠനം. രോഗം ബാധിച്ചവരിൽ നിന്ന് മറ്റുള്ളവർ അകന്നു നിൽക്കുകയല്ലാതെ ഒരു വഴിയുമില്ല. അതിവേഗം വൈറസ് പടർന്നാൽ ആരോഗ്യ സംവിധാനം മുഴുവൻ നിശ്ചലമാകുമെന്നും ഐ സി എം ആർ വിദഗ്ധർ വ്യക്തമാക്കുന്നു.

കൊവിഡ് 19 ആഗോള മഹാമാരിയാകുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് ഐ സി എം ആർ ഇക്കാര്യത്തിൽ പഠനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ പിന്നീട് സാഹചര്യങ്ങൾ കൂടുതൽ വഷളായി. അതുകൊണ്ട് ഐസൊലേഷനും ക്വാറന്റൈനും കൂടുതൽ ഫലപ്രദമാക്കുകയും വീടിനുള്ളിൽ കഴിയുകയെന്ന ശീലത്തിലേക്ക് ജനങ്ങൾ മാറുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നീ നാല് ഇന്ത്യൻ നഗരങ്ങളിലായിരിക്കും കൊറോണ വ്യാപനം അധികമായുണ്ടാകുക എന്ന നിരീക്ഷണവും പഠനം മുന്നോട്ടുവെക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ വന്നിറങ്ങുന്നത് ഈ നഗരങ്ങളിലാണ് എന്നത് കൊണ്ടാണിത്. കൊവിഡ് 19 ബാധിച്ച ഒരാളിൽ നിന്ന് 1.5നും 4.9നും ഇടയിൽ ആളുകളിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും ഈ പഠനത്തിൽ പറയുന്നു.

റിപ്രൊഡ്യൂസിംഗ് നമ്പർ എന്നാണ് പകർച്ചാ ശരാശരിയെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, ഒപ്റ്റിമിസ്റ്റിക് സെനാറിയോ (പകരാനുള്ള സാധ്യത 1.5 ), പെസ്സിമിസ്റ്റിക് സെനാറിയോ (പകരാനുള്ള സാധ്യത 4.9) എന്നിങ്ങനെ രണ്ട് വിഭാഗമായി കണക്കാക്കിയാണ് ഐ സി എം ആറിന്റെ പഠനഫലങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യവിഭാഗത്തിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ കേസുകളുടെ എണ്ണം 62 ശതമാനത്തോളം കുറക്കാൻ സാധിക്കും. പൊതുജനാരോഗ്യ സേവനങ്ങൾക്കു മേലുള്ള ഭാരം കുറക്കാൻ ഇത് ഉപകരിക്കും. എന്നാൽ രണ്ടാമത്തെ വിഭാഗത്തിൽ രോഗവ്യാപനം അതിവേഗത്തിലായിരിക്കും.

അതായത് ഒപ്റ്റിമിസ്റ്റിക് സെനാറിയോ ഘട്ടത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുകയാണെങ്കിൽ മാത്രമേ 62 ശതമാനം കേസുകൾ കുറക്കാൻ സാധിക്കൂ. പെസിമിസ്റ്റിക് സെനാറിയോയിലേക്ക് കടന്നുകഴിഞ്ഞാൽ കേസുകളുടെ എണ്ണം വർധിക്കും. ഈ പഠനം അന്തിമമല്ലെന്നും വൈറസിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമ്പോൾ പുതിയ നിഗമനങ്ങളിൽ എത്തിച്ചേരേണ്ടി വരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കൽ മാത്രമാണ് ഫലപ്രദമായ പ്രതിരോധ മാർഗമെന്ന് പഠനം അടിവരയിടുന്നു. കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇന്ത്യയിൽ മറ്റേത് രാജ്യത്തേക്കാളും കൂടിയ മരണ നിരക്ക് ഉണ്ടാകാം. സാമൂഹിക അകലം പാലിക്കൽ ഫലപ്രദമായി നടന്നാൽ ഡൽഹിയിലെപ്പോലെയുള്ള നഗരങ്ങളിൽ രോഗം പടരുന്നതിന് മാസങ്ങളുടെ ഇടവേള ലഭിക്കും. ഈ ഇടവേളയിൽ ആരോഗ്യ സംവിധാനങ്ങൾ ശക്തമാക്കാനും പിന്നീടുണ്ടാകുന്ന തരംഗത്തെ തരണം ചെയ്യാനും കഴിയും

Latest